NationalNews

ചണ്ഡീഗഢ് മുൻസിപ്പൽ കോർപ്പറേഷൻ: ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വിജയം

ചണ്ഡീഗഢ്: മേയര്‍ തിരഞ്ഞെടുപ്പില്‍ സുപ്രീം കോടതിയില്‍ നിന്നേറ്റ കനത്ത തിരിച്ചടിക്ക് ശേഷം ചണ്ഡീഗഢ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് ബി.ജെ.പി. സീനിയര്‍ ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി മേയര്‍ പദവികളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയാണ് ബി.ജെ.പി. വിജയിച്ചത്.

ആം ആദ്മി പാര്‍ട്ടിയുടെ (എ.എ.പി) മൂന്ന് കൗണ്‍സിലര്‍മാര്‍ കൂറുമാറി ബി.ജെ.പി. പക്ഷത്തെത്തിയതോടെയാണ് ബി.ജെ.പിക്ക് വിജയിക്കാന്‍ കഴിഞ്ഞത്. മേയര്‍ തിരഞ്ഞെടുപ്പ് വിവാദമായതിനാല്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു.

ബി.ജെ.പി. സ്ഥാനാര്‍ഥികളായ കുല്‍ജീത് സന്ധു, രജീന്ദര്‍ ശര്‍മ്മ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. കുല്‍ജീത് സന്ധു ഇന്ത്യ സഖ്യത്തിന്റെ ഗുര്‍പ്രീത് സിങ് ഗോബിയെ മൂന്ന് വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സന്ധുവിന് 19 വോട്ടും ഗുര്‍പ്രീതിന് 16 വോട്ടുകളുമാണ് ലഭിച്ചത്. ഒരു വോട്ട് അസാധുവായി.

ഇന്ത്യ സഖ്യത്തിന്റെ നിര്‍മ്മലാ ദേവിയെ രണ്ട് വോട്ടുകള്‍ക്കാണ് രജീന്ദര്‍ ശര്‍മ്മ പരാജയപ്പെടുത്തിയത്. ശര്‍മ്മയ്ക്ക് 19 വോട്ടുകളും നിര്‍മ്മലാ ദേവിക്ക് 17 വോട്ടുകളും ലഭിച്ചു. ആകെ 36 വോട്ടുകളാണ് പോള്‍ ചെയ്തത്. തിങ്കളാഴ്ച രാവിലെ 10:30-ഓടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ചണ്ഡീഗഢ് എം.പിയും ബി.ജെ.പി. നേതാവുമായ കിരണ്‍ ഖേര്‍ ആദ്യ വോട്ട് ചെയ്തു. മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ എക്സ് ഒഫീഷ്യോ അംഗമെന്ന നിലയില്‍ ഛണ്ഡീഗഢ് എംപിക്കും വോട്ടുണ്ട്.

ജനുവരി 30-നാണ് വിവാദമായ മേയര്‍ തിരഞ്ഞെടുപ്പ് നടന്നത്. അന്ന് സീനിയര്‍ ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ സന്ധുവും ശര്‍മ്മയും വിജയിച്ചതായും വരണാധികാരി പ്രഖ്യാപിച്ചിരുന്നു. വോട്ടെണ്ണലില്‍ കൃത്രിമം കാണിച്ചതിന് വരണാധികാരിക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. പിന്നീട് ഈ തിരഞ്ഞെടുപ്പ് സുപ്രീം കോടതി റദ്ദാക്കുകയും ഇന്ത്യ സഖ്യത്തിന്റെ കുല്‍ദീപ് കുമാറിനെ മേയറായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

36 അംഗങ്ങളാണ് ചണ്ഡീഗഢ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലുള്ളത്. എക്‌സ് ഒഫീഷ്യോ അംഗമായ എം.പി. ഉള്‍പ്പെടെ 18 അംഗങ്ങളാണ് ബി.ജെ.പിക്ക് ഉള്ളത്. കോണ്‍ഗ്രസിന്റെ ഏഴും എ.എ.പിയുടെ പത്തും ഉള്‍പ്പെടെ 17 അംഗങ്ങളാണ് നിലവില്‍ ഇന്ത്യ സഖ്യത്തിനുള്ളത്. ശിരോമണി അകാലി ദളിന്റെ ഒരംഗത്തിന്റെ പിന്തുണയും കൂടിയുള്ളതിനാലാണ് ബി.ജെ.പി. സ്ഥാനാര്‍ഥിക്ക് 19 വോട്ട് ലഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button