
കൊച്ചി: ടെലിവിഷന്‍ ചര്‍ച്ചക്കിടെ സി.പി.എം നേതാവ് പി.കെ ശ്രീമതിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസിൽ മാപ്പ് പറഞ്ഞ് ബി.ജെ.പി. നേതാവ് ബി ഗോപാലകൃഷണൻ. ഹൈക്കോടതിയിലെത്തിയ കേസ് മധ്യസ്ത ചർച്ചക്കൊടുവിലാണ് മാപ്പ് പറഞ്ഞ് കേസ് ഒത്തുതീർപ്പാക്കിയത്.
കോവിഡ് കാലത്ത് സംസ്ഥാനത്തെ ആശുപത്രികളിലേക്ക് മരുന്നുകളും മറ്റ് ആവശ്യസാധനങ്ങളും എത്തിക്കുന്നതുമായി ബന്ധപ്പെട്ടാണ് ബി.ഗോപാലകൃഷ്ണന്‍ പി.കെ ശ്രീമതി ടീച്ചര്‍ക്കെതിരെ ആക്ഷേപം ഉന്നയിച്ചത്. ഇത് തനിക്ക് മാനഹാനി ഉണ്ടാക്കുന്നുവെന്നും പിന്‍വലിക്കണമെന്നും ഗോപാലകൃഷ്ണനോട് പി.കെ ശ്രീമതി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഗോപാലകൃഷ്ണന്‍ ഇതിന് തയ്യാറാകാതെ വന്നതോടെ പി.കെ ശ്രീമതി കണ്ണൂര്‍ മജിട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കേസ് ഹൈക്കോടതിയില്‍ എത്തി. മധ്യസ്ഥതയിലൂടെ ഒത്തുതീര്‍പ്പാക്കാനുള്ള നിര്‍ദ്ദേശം ഹൈക്കോടതി മുന്നോട്ട് വെച്ചതോടെയാണ് പി.കെ. ശ്രീമതിയോട് ബി. ഗോപാകൃഷ്ണന്‍ ഖേദം പ്രകടിപ്പിച്ചത്.
അന്തരിച്ച എം.എല്‍.എ. പി.ടി. തോമസ് നടത്തിയ പരാമര്‍ശം താന്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ഇത് തെളിയിക്കാൻ പറ്റാത്തതിനാൽ ശ്രീമതി ടീച്ചറോട് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലൊരു ആരോപണം തനിക്ക് ഏറെ മാനഹാനിയുണ്ടാക്കി. തെളിവില്ലാതെ ആരും ആര്‍ക്കെതിരെ ആരോപണമുണ്ടാക്കുന്നത് ശരിയല്ല. അതുകൊണ്ടാണ് ഗോപാലകൃഷ്ണനെതിരെ ഹൈക്കോടതി വരെ എത്തിയതെന്നു പി കെ ശ്രീമതിയും പറഞ്ഞു.