ജലന്ധര്‍: ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തനാക്കപ്പെട്ടതില്‍ നന്ദി അറിയിച്ച് ജലന്ധര്‍ രൂപത. ബിഷപ്പിന്റെ നിരപരാധിത്വത്തില്‍ വിശ്വസിച്ച എല്ലാവര്‍ക്കും നന്ദിയെന്ന് ജലന്ധര്‍ രൂപത. പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദിയെന്നായിരുന്നു ജലന്ധര്‍ സഭ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചത്. കൂടെ നിന്നവര്‍ക്കും പിന്തുണ അറിയിച്ചവര്‍ക്കും സഭ നന്ദി അറിയിക്കുകുയം ചെയ്തു.
‘ഇന്നത്തെ വിധിയിലൂടെ കോടതി ജലന്ധര്‍ രൂപതയുടെ മെത്രാനായ ഫ്രാങ്കോ മുളയ്ക്കല്‍ പിതാവിനെ കുറ്റവിമുക്തനാക്കിയിരിക്കുന്നു. നാളിതുവരെ വിശ്വസിച്ചവര്‍ക്കും, അദ്ദേഹത്തിന് വേണ്ട നിയമസസഹായം നല്‍കിയവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു’- ജലന്ധര്‍ രൂപതയുടെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
പ്രതീക്ഷിച്ച വിധിയാണെന്നും സത്യം ജയിച്ചുവെന്നുമായിരുന്നു ഫ്രാങ്കോയുടെ കൂടെ ഉണ്ടായിരുന്നവരുടെ പ്രതികരണം. ഫ്രാങ്കോയുടെ അനുയായികള്‍ കോടതിക്ക് പുറത്ത് ‘പ്രെയ്‌സ് ദ ലോര്‍ഡ് വിളിച്ച് വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചു . തൃശൂരില്‍ നിന്നും എത്തിയ ഫ്രാങ്കോയുടെ ബന്ധുക്കളായ ചിലര്‍ കോടതിക്ക് പുറത്ത് മധുരം വിതരണം ചെയ്യുകയും ചെയ്തു.
കുറ്റവിമുക്തനാണെന്ന കോടതി വിധി കേട്ട് ദൈവത്തിന് സ്തുതിയെന്നായിരുന്നു ഫ്രാങ്കോ മുളയ്ക്കലിന്റെ ആദ്യ പ്രതികരണം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കോടതി വളപ്പില്‍ വച്ച് മാധ്യമങ്ങളോട് ഒന്നും പ്രതികരിച്ചില്ല. കൈ കൂപ്പുകയും കാറില്‍ ഇരുന്ന് കൊണ്ട് ഇരു കൈകളും മുകലിലേക്ക് ഉയര്‍ത്തി കാണിക്കുകയും മാത്രാണ് ഫ്രാങ്കോ ചെയ്തത്. അതേസമയം പ്രതീക്ഷിച്ച വിധിയാണെന്നും സത്യം ജയിച്ചുവെന്നുമായിരുന്നു ഫ്രാങ്കോയുടെ കൂടെ ഉണ്ടായിരുന്നവരുടെ പ്രതികരണം.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.
വിധി കേള്‍ക്കാനായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഫിലിപ്പ്, ചാക്കോ എന്നീ സഹോദരന്‍മാര്‍ക്കൊപ്പം കോടതിയില്‍ എത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി കെ സുഭാഷ്, എസ്‌ഐ മോഹന്‍ദാസ് എന്നിവരും കോടതിയില്‍ ഹാജരായിരുന്നു.