KeralaNews

സീറ്റു നിഷേധിച്ചു, പ്രവർത്തകർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ബിന്ദു കൃഷ്‌ണ

കൊല്ലം:നിയമസഭാ സീറ്റിനെ ചൊല്ലി കൊല്ലത്ത് കോൺഗ്രസ് ഓഫീസിൽ നാടകീയ രംഗങ്ങൾ. തന്നെ കാണാനെത്തിയ പ്രവർത്തകർക്ക് മുന്നിൽ ഡി സി സി അദ്ധ്യക്ഷ ബിന്ദു കൃഷ്‌ണ പൊട്ടിക്കരഞ്ഞു. ബിന്ദു മത്സരിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നെത്തിയ വനിതാ പ്രവർത്തകർക്ക് മുന്നിലാണ് ബിന്ദുകൃഷ്‌ണ വികരാധീതയായത്.

‘ഞങ്ങളുടെ കണ്ണീരൊപ്പാനിരുന്ന വ്യക്തിയാണ് ബിന്ദു കൃഷ്‌ണ. അവരെ കവിഞ്ഞ് ഇവിടെ ആര് നിന്നാലും തോൽപ്പിക്കും. മത്സ്യത്തൊഴിലാളികളുടെ പൂർണ പിന്തുണ ബിന്ദുവിനാണെന്നും’ പ്രവർത്തകർ പറഞ്ഞു.

നേരത്തെ ബിന്ദു കൃഷ്‌ണയ്‌ക്ക് സീറ്റ് ലഭിച്ചേക്കില്ലെന്ന വാർത്തകൾക്ക് പിന്നാലെ മുഴവൻ മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചിരുന്നു.അതേസമയം, തന്നോട് കുണ്ടറ സീറ്റിൽ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടെന്നും അവിടെ മത്സരിക്കാൻ തനിക്ക് ആഗ്രമില്ലെന്നും ബിന്ദു കൃഷ്‌ണ പ്രതികരിച്ചു. ധർമ്മടത്തടക്കം മറ്റെവിടേയും താൻ മത്സരിക്കാൻ തയ്യാറാണെന്നും അവർ വ്യക്തമാക്കി.

ബിന്ദു കൃഷ്ണയ്ക്ക് സീറ്റു നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കൊല്ലത്തെ രണ്ടു ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചു. നാലര വര്‍ഷക്കാലം ജില്ലയില്‍ ജനങ്ങള്‍ക്കിടയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ബിന്ദു കൃഷ്ണയെ ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് നേതാക്കള്‍ പറയുന്നത്.

അതേസമയം കോണ്‍ഗ്രസ് ഗ്രൂപ്പുകളിയില്‍ ബലിയാടായി മഹിള കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് സ്ഥാനാര്‍ഥി പട്ടികയില്‍നിന്നു പുറത്തായി. മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷിനു സുരക്ഷിതമായ മണ്ഡലം നല്‍കാന്‍ കഴിയാത്തതിന്റെ പ്രതിഷേധം പാര്‍ട്ടിയില്‍ നിലനില്‍ക്കെയാണ് മറ്റൊരു പ്രമുഖ നേതാവ് നിഷ സോമനെയും വെട്ടിനിരത്താനുള്ള ശ്രമത്തിന്റെ കഥ പുറത്തുവരുന്നത്. മൂവാറ്റുപുഴ മണ്ഡലത്തില്‍ ആദ്യം മുതല്‍ പരിഗണിച്ചിരുന്ന പേരാണ് മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നിഷ സോമന്റേത്.

നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൊടുപുഴ ന്യൂമാന്‍ കോളജില്‍ വാര്‍ഡില്‍ കെപിസിസി നിഷയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം ജില്ലാ നേതൃത്വം ചിഹ്നം മറ്റൊരാള്‍ക്കു നല്‍കി സ്ഥാനാര്‍ഥിയാക്കിയതു വന്‍ വിവാദം ഉയര്‍ത്തിയിരുന്നു. ഈ വാര്‍ഡില്‍ കോണ്‍ഗ്രസ് പിന്നീട് തോല്‍ക്കുകയും ചെയ്തു. ഇത്തവണ നിയമസഭാ സീറ്റ് ചര്‍ച്ച ഉയര്‍ന്നപ്പോള്‍ മുതല്‍ മൂവാറ്റുപുഴയില്‍ സജീവമായ പേര് ആയിരുന്നു നിഷ സോമന്റേത്.

മഹിള കോണ്‍ഗ്രസില്‍ മാത്രമല്ല സീറോ മലബാര്‍ മാതൃവേദി തുടങ്ങിയ സംഘടനകളിലും നേതൃസ്ഥാനത്തു സജീവമായ നിഷ സ്ഥാനാര്‍ഥിയായാല്‍ വലിയ സാധ്യതയുണ്ടെന്നു തിരിച്ചറിഞ്ഞു എഐസിസി സെക്രട്ടറി ഐവാന്‍ ഡിസൂസയുടെ നേതൃത്വത്തില്‍ കേരളത്തില്‍നിന്നു ഹൈക്കമാന്‍ഡിലേക്കു പോയ ലിസ്റ്റില്‍ നിഷയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നു.

മാത്യു കുഴല്‍നാടനും നിഷ സോമനും ജോസഫ് വാഴയ്ക്കനുമായിരുന്നു ലിസ്റ്റില്‍. വനിത എന്ന നിലയില്‍ നിഷയ്ക്കു വലിയ സാധ്യതയുണ്ടായിരുന്നു. ജോസഫ് വാഴയ്ക്കനെ പിന്നീട് കാഞ്ഞിരപ്പള്ളിയിലേക്കു പരിഗണിക്കുകയും ചെയ്തു. ഇതോടെ മാത്യു കുഴല്‍നാടന്റെയും നിഷ സോമന്റെയും പേര് സജീവമായി. ഇതിനിടെ, ചില നേതാക്കള്‍ ചര്‍ച്ചയില്‍ നേരത്തെ ഒരിടത്തും വരാത്ത ഡോളി കുര്യാക്കോസ് എന്ന പേര് നിഷയുടെ പേരിനു പകരം ഉയര്‍ത്തിക്കൊണ്ടു വരികയായിരുന്നുവെന്നാണ് മഹിള കോണ്‍ഗ്രസ് വൃത്തങ്ങള്‍ തന്നെ ആരോപിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button