Entertainment

‘ഒരു തെക്കൻ തല്ലു കേസു’മായി ബിജുമേനോൻ- നായികമാരായി പത്മപ്രിയയും നിമിഷയും

ബിജുമേനോൻ നായകനാകുന്ന പുതിയ ചിത്രം ‘ഒരു തെക്കൻ തല്ലുകേസ്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പ്രമുഖ എഴുത്തുകാരൻ ജി.ആർ. ഇന്ദഗോപന്‍റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന ചെറുകഥ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഒരിടവേളയ്ക്ക് ശേഷം പത്മപ്രിയ നായികയായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. നിമിഷാ സജയനാണ് മറ്റൊരു നായിക. റോഷൻ മാത്യുവും പ്രധാന വേഷത്തിൽ എത്തുന്നു.

ശ്രീജിത്ത്.എൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജേഷ് പിന്നാടനാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. സിനിമാരംഗത്തെ പ്രമുഖ പോസ്റ്റർ നിർമാതാക്കളായ ഓൾഡ് മോങ്ക്സിന്‍റെ ഉടമസ്ഥനാണ് ശ്രീജിത്ത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്രീജിത്തും ബിബിൻ ജോർജും ചേർന്നാണ്.

എൺപതുകളുടെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് അമ്മിണിപ്പിള്ള വെട്ടുകേസ്.വെട്ടി പരിക്കേല്‍പ്പിച്ച് നാടുവിട്ട പൊടിയന്‍പിള്ളയെ തല്ലുമെന്ന് പറഞ്ഞ് കാത്തിരിക്കുന്ന അമ്മിണിപ്പിള്ളയുടെ കഥയാണിത്. തിരുവനന്തപുരം -കൊല്ലം അതിർത്തിയിലെ തീരപ്രദേശമായ അഞ്ചുതെങ്ങിലാണ് കഥ നടക്കുന്നത്. നാല് ചെറുകഥകളുമായി ഇറങ്ങിയ പുസ്തകത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് അമ്മിണിപിള്ള വെട്ടുകേസാണ്

ആഗസ്റ്റ് അവസാനം ചിത്രത്തിന്‍റെ ഷൂട്ടിങ് തുടങ്ങും. ഇ ഫോര്‍ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയും സി.വി സാരഥിയുമാണ് ഒരു തെക്കൻ തല്ലുകേസ് നിർമിക്കുന്നത്. മധു നീലകണ്ഠനാണ് ക്യാമറ. അന്‍വര്‍ അലി-മനു മഞ്ജിത്-ജസ്റ്റിന്‍ വര്‍ഗീസ് കൂട്ടുകെട്ടാണ് ഗാനങ്ങള്‍ ഒരുക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker