പെര്‍ത്ത്: ട്വന്‍റി 20 ലോകകപ്പില്‍ സൂപ്പര്‍-12ല്‍ ആദ്യ ജയവുമായി പാകിസ്ഥാന്‍. പെര്‍ത്തിലെ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 6 വിക്കറ്റിനാണ് പാകിസ്ഥാന്‍ തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ്‌സ് 20 ഓവറില്‍ 9 വിക്കറ്റിന് 91 റണ്‍സ് മാത്രം നേടിയപ്പോള്‍ പാകിസ്ഥാന്‍ 13.5 ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ജയത്തിലെത്തി. അര്‍ധസെഞ്ചുറിക്ക് ഒരു റണ്ണകലെ പുറത്തായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാനാണ് പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍. നേരത്തെ ഷദാബ് ഖാന്‍ മൂന്ന് വിക്കറ്റ് നേടിയിരുന്നു.
ആദ്യം ബാറ്റിംഗിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിന് പാക് പേസ് നിരയ്‌ക്കെതിരെ ഒരുപാട് റണ്‍സൊന്നും നേടാനായില്ല. 20 ഓവറിനിടെ ഒമ്പത് വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തു. 27 പന്തില്‍ 27 റണ്‍സെടുത്ത കോളില്‍ ആക്കര്‍മാനാണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ് സ്‌കോറര്‍.
ക്യാപ്റ്റന്‍ സ്‌കോട് എഡ്വേര്‍ഡ്‌സാണ് (15) രണ്ടക്കം കണ്ട മറ്റൊരു താരം. ബാക്കിയെല്ലാം ബാറ്റര്‍മാരുടേയും പോരാട്ടം ഒരക്കത്തില്‍ ഒതുങ്ങി. പേസര്‍മാരുണ്ടാക്കിയ സമ്മര്‍ദം മുതലെടുത്ത സ്പിന്നര്‍ ഷദാബ് ഖാന്‍ മൂന്ന് വിക്കറ്റെടുത്തു. മുഹമ്മദ് വസീം ജൂനിയര്‍ രണ്ടും ഷഹീന്‍ അഫ്രീദിയും നസീം ഷായും ഹാരിസ് റൗഫും ഒന്ന് വീതവും വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗില്‍ കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്‍ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തിരിച്ചടി നേരിട്ടു. അഞ്ച് പന്തില്‍ 4 റണ്‍സ് മാത്രമെടുത്ത നായകന്‍ ബാബര്‍ അസം വാന്‍ ഡര്‍ മെര്‍വിന്‍റെ ത്രോയില്‍ പുറത്തായി. എങ്കിലും മുഹമ്മദ് റിസ്‌വാനും ഫഖര്‍ സമാനും പാകിസ്ഥാനെ അനായാസം ഏഴാം ഓവറില്‍ 50 കടത്തി.
തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ സമാനെ(16 പന്തില്‍ 20) ബ്രാണ്ടന്‍ ഗ്ലോവര്‍ പുറത്താക്കി. റിസ്‌വാന്‍(39 പന്തില്‍ 49) അര്‍ധസെഞ്ചുറിക്ക് ഒരു റണ്ണകലെ ഇന്‍സൈഡ് എഡ്‌ജായി പോള്‍ വാന്‍ മീകെരെന്‍റെ പന്തില്‍ മടങ്ങിയതും തളര്‍ത്തിയില്ല.
ജയിക്കാന്‍ ഒരു റണ്‍ വേണ്ടപ്പോള്‍ ആകാശത്തേക്ക് പന്തടിച്ച് ഷാന്‍ മസൂദ് പുറത്തായി. 13.5 ഓവറില്‍ പാകിസ്ഥാന്‍ ജയിക്കുമ്പോള്‍ ഇഫ്‌തിഖര്‍ അഹമ്മദ് 5 പന്തില്‍ 6ഉം, ഷദാബ് ഖാന്‍ 2 പന്തില്‍ 4ഉം റണ്‍സുമായി പുറത്താകാതെ നിന്നു. ഈ ലോകകപ്പില്‍ പാകിസ്ഥാന്‍റെ ആദ്യ ജയമാണിത്. നേരത്തെ ഇന്ത്യക്കും സിംബാബ്‌വെക്കും എതിരെ പാക് ടീം തോറ്റിരുന്നു.