
മുംബൈ: ഐ.സി.സിയുടെ ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കായി പോകുന്ന ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് ഭാര്യമാരെ ഒപ്പം കൂട്ടാന്‍ അനുമതി നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ). ഭാര്യമാര്‍ ഉള്‍പ്പെടെ കുടുംബാംഗങ്ങളെ ആരെയും കൂടെ കൊണ്ടുപോകാന്‍ താരങ്ങള്‍ക്ക് അനുമതിയുണ്ടായിരുന്നില്ല. ഈ തീരുമാനം ബി.സി.സി.ഐ. പുനഃപരിശോധിക്കുകയും മാറ്റം വരുത്തുകയും ചെയ്തതായി എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു.
നിബന്ധനയോടെയാണ് താരങ്ങള്‍ക്ക് ഭാര്യമാരെ ടൂര്‍ണമെന്റിന് കൊണ്ടുപോകാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഏതെങ്കിലും ഒരു മത്സരത്തിന് മാത്രമേ ഭാര്യമാരെ ഒപ്പം കൂട്ടാന്‍ പാടുള്ളൂ എന്നാണ് ഈ നിബന്ധന. ഇത് കര്‍ശനമായി പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം ഏത് മത്സരത്തിനാണ് ഭാര്യമാര്‍ കൂടെയുണ്ടാകേണ്ടത് എന്ന കാര്യം ടീം അംഗങ്ങള്‍ക്ക് കൂടിയാലോചിച്ച് ബി.സി.സി.ഐയെ അറിയിക്കാം.
ഓസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടൂര്‍ണമെന്റിലെ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് ബി.സി.സി.ഐ. കടുത്ത തീരുമാനമെടുത്തത്. ഇതുപ്രകാരം 45 ദിവസത്തില്‍ കൂടുതല്‍ നീളുന്ന വിദേശ പരമ്പരകളില്‍ പരമാവധി രണ്ടാഴ്ച മാത്രമാണ് കുടുംബത്തെ ഒപ്പം കൂട്ടാന്‍ അനുമതിയുണ്ടായിരുന്നത്.
45 ദിവസത്തില്‍ കുറവുള്ള വിദേശ പരമ്പരകളില്‍ പരമാവധി ഒരാഴ്ച മാത്രമേ അനുമതിയുണ്ടായിരുന്നുള്ളൂ. തീരുമാനത്തില്‍ മാറ്റം വരുത്തിയത് ടീം അംഗങ്ങള്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
ബുധനാഴ്ച ദുബായിലാണ് ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ ആരംഭിക്കുന്നത്. ആദ്യമത്സരത്തില്‍ മുന്‍ചാമ്പ്യന്‍മാരായ പാകിസ്താന്‍ ന്യൂസിലാന്‍ഡിനെ നേരിടും. വ്യാഴാഴ്ചയാണ് ഇന്ത്യയുടെ ആദ്യമത്സരം. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി.