ഈ ആഴ്ച രണ്ടുദിവസം ബാങ്ക് പണിമുടക്ക്; എ.ടി.എം സേവനം മുടങ്ങും
ന്യൂഡല്‍ഹി: ഈ ആഴ്ച രണ്ടുദിവസം ബാങ്ക് പണിമുടക്ക്. എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ എടിഎം അടക്കമുള്ള സേവനങ്ങള്‍ മുടങ്ങും. ഡിസംബര്‍ 16നും 17നുമാണ് ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്കിങ് മേഖലയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് എതിരെയാണ് സമരം.
ഡിസംബര്‍ ഒന്നിന് ബാങ്കേഴ്സ് യൂണിയനുകള്‍ സംയുക്തമായി ജന്തര്‍ മന്ദറില്‍ മാര്‍ച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമരം ശക്തമാക്കാന്‍ യൂണിയനുകള്‍ തീരുമാനിച്ചത്. എടിഎം അടക്കമുള്ള എസ്ബിഐ സേവനങ്ങളെ രണ്ടുദിവസത്തെ പണിമുടക്ക് ബാധിച്ചേക്കാം. പഞ്ചാബ് നാഷണല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ആര്‍ബിഎല്‍ ബാങ്ക് എന്നിവയും പണിമുടക്ക് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ബാങ്കിങ് യൂണിയനുകളുടെ സംയുക്ത മുന്നണിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. എഐബിഇഎ, എഐബിഒസി, എന്‍സിബിഇ, എഐബിഒഎ, ബിഇഎഫ്ഐ, ഐഎന്‍ബിഒസി തുടങ്ങിയ സംഘടനകള്‍ പണിമുടക്കിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
2021-22 ബജറ്റ് പ്രസംഗത്തില്‍, ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവത്കരിക്കുമെന്നും ഓഹരികള്‍ വിറ്റഴിക്കുമെന്നും പ്രഖ്യാപിച്ചത്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ബാങ്കിങ് നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.
ബാങ്കിങ് മേഖലില്‍ 51 ശതമാനം ഓഹരി സര്‍ക്കാരിന് ആയിരിക്കണമെന്ന നിയമം ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ നീക്കം. പുതിയ ബില്‍, സര്‍ക്കാരിന്റെ നിക്ഷേപം 26 ശതമാനമാക്കി കുറയ്ക്കും. ഇത് തിരിച്ചടിയുണ്ടാക്കുമെന്ന് ബാങ്ക് യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നു.