കൊച്ചി: ഗള്‍ഫ് ബാങ്ക് കുവൈറ്റിന്റെ 700 കോടിയോളം രൂപ മലയാളികള്‍ തട്ടിയെന്ന പരാതിയില്‍ 1425 മലയാളികള്‍ക്കെതിരേ അന്വേഷണം. ബാങ്കില്‍നിന്ന് ലോണെടുത്ത ശേഷം മറ്റു രാജ്യങ്ങളിലേക്ക് കടന്നെന്നാണ് പരാതി. സംഭവത്തില്‍ കേരളത്തില്‍ പത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായാണ് വിവരം.
അന്‍പത് ലക്ഷം മുതല്‍ രണ്ടു കോടി വരെയാണ് ലോണെടുത്തിരിക്കുന്നത്. ആദ്യം ചെറിയ ലോണുകളെടുത്ത് കൃത്യമായി തിരിച്ചടച്ച ശേഷം വലിയ ലോണുകള്‍ എടുക്കുകയായിരുന്നു. പിന്നീട് ഇംഗ്ലണ്ട്, കാനഡ, യു.എസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറി.
തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് അന്വേഷണം തുടങ്ങിയത്. അപ്പോഴാണ് 1425 മലയാളികള്‍ തങ്ങളെ പറ്റിച്ചുവെന്ന് ബാങ്കിന് മനസിലായത്. ഇതോടെ ബാങ്ക് അധികൃതര്‍ കേരളത്തിലെത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കണ്ടു. തട്ടിപ്പ് നടത്തിയവരുടെ വിലാസമടക്കം നല്‍കി. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കുവൈറ്റിലെ മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ നഴ്‌സുമാരായി ജോലി ചെയ്തിരുന്ന എഴൂനൂറോളം പേര്‍ കുറ്റം ആരോപിക്കപ്പെട്ടവരില്‍ ഉണ്ട്. ആദ്യം തട്ടിപ്പ് നടത്തിയവര്‍ വഴി പഴുത് മനസിലാക്കി കൂടുതല്‍ മലയാളികള്‍ ബാങ്കിനെ പറ്റിച്ചുവെന്നാണ് ബാങ്ക് മനസിലാക്കുന്നത്. ഇതിന് പിന്നില്‍ ഏജന്റുമാരുടെ ഇടപെടല്‍ ഉണ്ടോയെന്നും സംശയിക്കുന്നുണ്ട്.
ദക്ഷിണ മേഖലാ ഐജിയാണ് അന്വേഷണം നടത്തുന്നത്. നിലവില്‍ എറണാകുളം കോട്ടയം ജില്ലകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.