ന്യൂഡൽഹി : വിവാഹമോചനത്തിന്റെയും ജീവനാംശത്തിന്റെയും പേരിലുള്ള തർക്കം മൂലം ഡൽഹിയിൽ ബേക്കറി ഉടമ ആത്മഹത്യ ചെയ്തു. കല്യാൺ വിഹാറിലെ മോഡൽ ടൗൺ ഏരിയയിലെ താമസക്കാരൻ ആയ 40 വയസ്സുകാരൻ പുനീത് ഖുറാന ആണ് മരിച്ചത്. കട്ടിലിൽ തൂങ്ങി ആത്മഹത്യ ചെയ്ത നിലയിലാണ് പുനീതിനെ കണ്ടെത്തിയത്.
2016 ലാണ് പുനീത് ഖുറാന വിവാഹിതനായിരുന്നത്. ഈ ദമ്പതികൾ ഒരുമിച്ചായിരുന്നു ഡൽഹിയിലെ ഒരു പ്രശസ്തമായ ബേക്കറി നടത്തിവന്നിരുന്നത്. നിലവിൽ ഖുറാനയും ഭാര്യയും വിവാഹമോചനത്തിൻ്റെ വക്കിലായിരുന്നു. ജീവനാംശവുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ വലിയ തർക്കങ്ങൾ നിലനിന്നിരുന്നതായാണ് ആത്മഹത്യ ചെയ്ത യുവാവിന്റെ കുടുംബം ആരോപിക്കുന്നത്.
മരിച്ചയാളുടെ ഭാര്യയ്ക്കും കുടുംബത്തിനുമെതിരെ അദ്ദേഹത്തിന്റെ വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്. ആരോപണങ്ങൾ സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. നേരത്തെ ബംഗളൂരുവിൽ ടെക്കി യുവാവ് അതുൽ സുഭാഷ് ആത്മഹത്യ ചെയ്ത സംഭവത്തിനു സമാനമാണ് ഡൽഹിയിലെ കേസും എന്നാണ് പോലീസ് അറിയിക്കുന്നത്.