നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തളളി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ കുമാറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തളളി. അറസ്റ്റിലായി ആറ് വർഷമായെന്നും കേസിന്‍റെ വിചാരണ നീളുന്നതിനാൽ ജാമ്യം വേണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം. എന്നാൽ കേസിന്‍റെ നിർണായകമായ ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്.
നടൻ ദീലിപടക്കം പ്രതിയായ കേസിൽ യുവനടിയ്ക്കെതിരെ ക്രൂരമായ ആക്രമണമാണ് നടന്നതെന്ന് കേസ് രേഖകൾ പരിശോധിച്ചശേഷം കഴിഞ്ഞ ദിവസം സിംഗിൾ ബെഞ്ച് പരാമർശിച്ചിരുന്നു. നടിയ്ക്ക് നേരെ ഉണ്ടായത് ക്രൂരമായ ആക്രമണമാണെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
നടിയുടെ മൊഴി പ്രഥമ ദൃഷ്ട്യാ തന്നെ ഇത് തെളിയിക്കുന്നുവെന്നും കോടതി പറഞ്ഞിരുന്നു. മുദ്ര വെച്ച കവറിൽ ഹാജരാക്കിയ മൊഴി പകർപ്പ് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പരാമർശം.
വിചാരണ നടക്കുന്ന ദിവസങ്ങളിൽ പൾസർ സുനിയെ കോടതിയിൽ നേരിട്ട് ഹാജരാക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. വിചാരണ നടപടികൾക്കായി തന്നെ വീഡിയോ കോൺഫറൻസിംങ് വഴി ഹാജരാക്കുന്നത് ചോദ്യം ചെയ്ത് സുനി കോടതിയിൽ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. സാക്ഷി വിസ്താര വേളയിൽ സുനിൽ കുമാറിന്റെ നേരിട്ടുള്ള സാന്നിധ്യം കോടതിയിൽ ഉറപ്പാക്കണമെന്നും പ്രോസിക്യൂഷനോട് കോടതി നിർദേശിച്ചു.