ഞെട്ടിച്ച് ബൈഡൻ; യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപനം
വാഷിങ്ടൺ: 2024ലെ യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ പിന്മാറുകയാണെന്നും പ്രസിഡന്റ്ജോ ബൈഡൻ. ഞായറാഴ്ച അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ബൈഡന്റെ ആരോഗ്യത്തിൽ സംശയം പ്രകടിപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ സംശയമുയർന്ന സാഹചര്യത്തിലാണ് തീരുമാനം.
നിങ്ങളുടെ പ്രസിഡൻ്റായി പ്രവർത്തിക്കുക എന്നത് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. വീണ്ടും തെരഞ്ഞെടുക്കപ്പെടുക എന്നത് എൻ്റെ ഉദ്ദേശ്യമാണെങ്കിലും ശേഷിക്കുന്ന കാലയളവിൽ പ്രസിഡൻ്റ് എന്ന നിലയിൽ എൻ്റെ ചുമതലകൾ നിറവേറ്റുന്നതിനായി ഞാൻ മാറി നിൽക്കേണ്ടത് എൻ്റെ പാർട്ടിയുടെയും രാജ്യത്തിൻ്റെയും ഏറ്റവും മികച്ച താൽപ്പര്യമാണെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും ബൈഡൻ കുറിപ്പിൽ പറഞ്ഞു.
തെരഞ്ഞെടുപ്പിന് 4 മാസം മാത്രം ബാക്കിനിൽക്കേയാണ് ബൈഡന്റെ പിന്മാറ്റം. പ്രസിഡന്റ് തിരഞ്ഞെടുപ്പ് മത്സരത്തിൽനിന്നു ബൈഡൻ പിന്മാറണമെന്നു പാർട്ടിക്കകത്തും പുറത്തും ചർച്ചയായിരുന്നു. ട്രംപിന് മുന്നിൽ ബൈഡന് പിടിച്ചുനിൽക്കാനാകില്ലെന്നും അഭിപ്രായമുയർന്നു. ബൈഡനു പകരം വൈസ് പ്രസിഡന്റ് ഇന്ത്യൻ വംശജയായ കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയാകുമെന്നാണ് സൂചന.
പാർട്ടിയിലെ പ്രമുഖ നേതാക്കളായ മുൻ പ്രസിഡന്റ് ബറാക് ഒബാമ, മുൻ സ്പീക്കർ നാൻസി പെലോസി, സെനറ്റ് നേതാവ് ചക് ഷൂമർ തുടങ്ങിയവർ ബൈഡന്റെ സ്ഥാർഥിത്വത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. ബൈഡന്റെ പിന്മാറ്റത്തോടെ ഷിക്കാഗോയിൽ അടുത്ത മാസം 19ന് ആരംഭിക്കുന്ന ഡെമോക്രാറ്റ് നാഷനൽ കൺവൻഷനിൽ പുതിയ സ്ഥാനാർഥിയെ തെരഞ്ഞെടുക്കും.
അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറുമെന്ന അഭ്യൂഹം കഴിഞ്ഞ ദിവസം അദ്ദേഹം തള്ളിയിരുന്നു. പിന്മാറാൻ ആലോചിക്കുന്നില്ലെന്നും തെരെഞ്ഞെടുപ്പിൽ മുന്നോട്ട് തന്നെയെന്നും ബൈഡൻ വ്യക്തമാക്കി.
നാറ്റോ സമ്മേളനത്തിനിടെയുള്ള വാർത്താസമ്മേളനത്തിലാണ് നിലപാട് വ്യക്തമാക്കിയത്. എതിർ സ്ഥാനാർഥിയായ ട്രംപുമായുള്ള സംവാദത്തിൽ തിരിച്ചടിയേറ്റതുമുതൽ സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ബൈഡന് വിമർശനമേൽക്കേണ്ടി വന്നിരുന്നു.