കൊച്ചി: കളമശേരിയിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കുഞ്ഞിൻ്റെ അമ്മ ശിശു ക്ഷേമ സമിതിക്ക് മുന്നിൽ ഹാജരായി. കുഞ്ഞിനെ സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കൈമാറിയതെന്ന് അമ്മ അറിയിച്ചു. നിലവില്‍ കുഞ്ഞിനെ ഏറ്റെടുക്കാൻ കഴിയില്ലെന്നും അമ്മ മൊഴി നൽകി. കുഞ്ഞ് തൽക്കാലം ശിശുക്ഷേമസമിതിയുടെ സംരക്ഷണയിൽ തുടരും. കുഞ്ഞിന്റെ അച്ഛൻ കഴിഞ്ഞ ദിവസം ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരായിരുന്നു. പങ്കാളിയെ വിവാഹം കഴിച്ചിട്ടില്ലെന്നും വളർത്താൻ പ്രയാസമുള്ളത് കൊണ്ടാണ് തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൈമാറിയതെന്നുമായിരുന്നു പിതാവിന്‍റെ മൊഴി.
പങ്കാളിയെ വിവാഹം കഴിച്ചിട്ടില്ലെന്നും കുഞ്ഞായ ശേഷം വളർത്താൻ സാമ്പത്തിക പ്രയാസങ്ങൾ കണക്കിലെടുത്ത് അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാനായിരുന്നു നീക്കം. ഈ സമയമാണ് സുഹൃത്ത് തൃപ്പൂണിത്തുറയിലെ ദമ്പതികളുടെ കാര്യം അറിയിക്കുന്നത്. തുടർന്ന് ഒരു സാമ്പത്തിക കൈമാറ്റവും നടത്താതെ വളർത്താനായി അനൂപിനും ഭാര്യക്കും കൈമാറുകയായിരുന്നുവെന്നും പിതാവിന്‍റെ മൊഴിയിൽ വ്യക്തമാക്കിയിരുന്നു. കേസിൽ ചൈൽഡ് വെൽഫയർ കമ്മറ്റിയുടെ അന്വേഷണം കുഞ്ഞിനെ മാതാപിതാക്കൾ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് നൽകിയതിലെ നിയമപ്രശ്നങ്ങൾ സംബന്ധിച്ചാണ്. ദത്ത് അല്ലെന്നിരിക്കെ കൈകുഞ്ഞിനെ അനൂപും ഭാര്യയും കൈവശപ്പെടുത്തിയതിലെ അന്വേഷണമാണ് നടന്നുകൊണ്ടിരിക്കുന്നത്.
അതേ സമയം, കുഞ്ഞിനെ തട്ടിയെടുത്തതല്ല, വിവാഹിതരല്ലാതിരുന്ന കുഞ്ഞിന്‍റെ മാതാപിതാക്കൾ വളർത്താൻ ഏൽപിച്ചതാണെന്നും കുഞ്ഞിനെ കൈവശം വച്ചിരുന്ന അനൂപും സുനിതയും വെളിപ്പെടുത്തി. ”കുഞ്ഞിനെ തന്നത് മാഫിയകളോ കള്ളക്കടത്തുകാരോ ചൈൽഡ് കച്ചവടക്കാരോ അല്ല. അവർ അറിയുന്ന ആളുകളായത് കൊണ്ടാണ് കുഞ്ഞിനെ ധൈര്യപ്പെട്ട് എടുത്തത്. വളർത്താൻ അവർക്ക് സാഹചര്യമില്ല. കുഞ്ഞിന്‍റെ അച്ഛനും അമ്മയും അണ്‍മാരീഡ് ആണ്. ഞാനിതൊക്കെ ആരോട് പറയും? എനിക്കും ഇപ്പോൾ വളർത്താൻ കഴിയുന്നില്ല. ആശുപത്രിയിൽ പോയാലോ ആധാർകാർഡ് എടുക്കാൻ പോയാലോ ജനനസർട്ടിഫിക്കറ്റ് ആണ് ചോദിക്കുന്നത്. ലീഗൽ ആയി ഒരു രേഖയും ഇല്ല. കുഞ്ഞ് പോയതിന് ശേഷം കടിച്ച് പിടിച്ച് ഇരിക്കുകയാണ്. കുഞ്ഞിനെ കിട്ടാൻ വേണ്ടിയിട്ട് യഥാർഥ അമ്മയും അച്ഛനും സത്യവാങ്ങ്മൂലം കൊടുത്താൽ മതി. CWCയുടെ മുന്നിൽ കുഞ്ഞിന്‍റെ റെപ്രസന്‍റേഷൻ വന്നാൽ അച്ഛനും അമ്മയും തങ്ങളെ സഹായിക്കാൻ തയ്യാറാണ്. ഞങ്ങൾക്ക് അവർ കുഞ്ഞിനെ തന്നതാണ്. അവർക്ക് വളർത്താനോ വീട്ടിൽ കൊണ്ടു പോകാനോ കഴിയില്ല എന്നാണ് അവർ പറഞ്ഞത്. ഒരു കുഞ്ഞില്ലാതെ അത്രയും വിഷമിച്ചിട്ടുണ്ട്. അൻപത് ലക്ഷം രൂപ വരെ ഐവിഎഫിന് ചെലവാക്കിയിട്ടുണ്ട്. കുഞ്ഞുവാവ പെണ്‍കുട്ടിയാകണം എന്ന് എനിക്കും ഭാര്യക്കും ആഗ്രഹമായിരുന്നു. അത് കൃത്യമായി മുമ്പിൽ വന്നു. കുഞ്ഞില്ലാതെ ഞങ്ങൾ ഉറങ്ങിയിട്ടില്ല.ഇനി എന്താണ് ചെയ്യാൻ പറ്റുക?” അനൂപും സുനിതയും പറയുന്നതിങ്ങനെ.