തൃശൂര്‍: തൃശൂരിലെ പ്രസംഗവേദിയില്‍ വെച്ച് ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഉറച്ച വീക്കുകളുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണ്‍. തള്ള് കൊള്ളാനും എല്ലൊടിയാനും ആയുസൊടുക്കാനും തീരുമാനിച്ചിട്ട് തന്നെയാണ് ചെങ്കൊടിയുമായി തെരുവിലേക്ക് ഇറങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന്റെ ഭരണത്തുടര്‍ച്ചയെ ഇതുകൊണ്ടൊന്നും തടയാന്‍ സാധിക്കില്ലെന്നും ബേബി ജോണ്‍ പ്രസംഗത്തിനിടെ പറഞ്ഞു.
തൃശൂരില്‍ നടന്ന എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവേ വേദിയില്‍ അതിക്രമിച്ച കയറിയ യുവാവ് ബേബി ജോണിനെ തള്ളിയിട്ടിരുന്നു.
വഞ്ചനയുടെ പൊറാട്ട് നാടകക്കളികളിലൂടെ ഇന്നലെകളിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മുന്നേറ്റത്തെ തടഞ്ഞുവെച്ച ഭൂതകാല ചരിത്രം മലയാളികളുടെ മനസില്‍ ഇന്നും പൊള്ളുന്ന ഓര്‍മയായി ശേഷിക്കുന്നു. ആര്‍എസ്എസും ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ എന്തെന്ത് വോട്ടുകച്ചവട കരാറുകളില്‍ ഒപ്പുവെച്ചാലും മലയാളക്കരയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കണമെന്ന് ചിന്തിക്കുന്ന മനുഷ്യന്‍ ഇടതുപക്ഷത്തിന്റെ ഭരണത്തുടര്‍ച്ചയ്ക്ക് വേണ്ടി നിശ്ചയദാര്‍ഢ്യത്തോടെ വിധിയെഴുതുന്ന തിരഞ്ഞെടുപ്പാണ് ഏപ്രില്‍ ആറിന് കേരളത്തില്‍ നടക്കാന്‍ പോകുന്നത്. അപ്രതിരോധ്യമായ ആ മുന്നേറ്റത്തെ തടയാന്‍ ആ എല്ലിന്‍ കൊട്ടാടി മനുഷ്യനെ പ്രസംഗ പീഠത്തില്‍ നിന്ന് തള്ളിയിട്ടതുകൊണ്ടുമാത്രം സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രസംഗം കഴിഞ്ഞ് മടങ്ങിയ ഉടനായിരുന്നു വേദിയിൽ യുവാവിന്റെ ആക്രമണം. പാർട്ടി പ്രവർത്തകനെന്ന പേരിൽ വേദിയിൽ കയറിക്കൂടിയ യുവാവ് ഇറങ്ങിപ്പോകാനെന്ന രീതിയിൽ തിരിഞ്ഞുവന്ന് പ്രസംഗിച്ചുകൊണ്ടിരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം േബബി ജോണിനെ തള്ളിവീഴ്ത്തി. പ്രസംഗസ്റ്റാൻഡും നിലത്തുവീണു. വേദിയിലുണ്ടായിരുന്ന മന്ത്രി വി.എസ്. സുനിൽകുമാറും മറ്റ് നേതാക്കളും റെഡ് വൊളന്റിയർമാരും ചേർന്ന് അക്രമിയെ പിടികൂടി വേദിക്ക് പുറത്തിറക്കി. പാർട്ടിപ്രവർത്തകർ അക്രമാസക്തരാകുംമുന്നേ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് െകാണ്ടുപോയി.
ശനിയാഴ്ച വൈകീട്ട് ഏഴിനായിരുന്നു പിണറായി വിജയന്റെ പരിപാടി തേക്കിൻകാട് മൈതാനത്ത് തുടങ്ങിയത്. ഏഴിന് പ്രസംഗം പൂർത്തിയാക്കി മുഖ്യമന്ത്രി വേദി വിട്ടശേഷം ബേബി ജോൺ പ്രസംഗം തുടങ്ങി. ഇതിനിടെ മുഖ്യമന്ത്രി വേദിയിൽനിന്ന് ഇറങ്ങിയ തക്കംനോക്കി അരുടെയും ശ്രദ്ധയിൽപ്പെടാതെ യുവാവ് വേദിയിൽ കയറിപ്പറ്റി കസേരയിലിരിക്കുകയാണുണ്ടായത്. ഇത് റെഡ് വൊളന്റിയർമാർ അറിയിച്ചതോടെ മന്ത്രി സുനിൽകുമാർ ഇയാളുടെ അടുത്തെത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ചെന്ത്രാപ്പിന്നിയിലാണ് വീടെന്നും പേര് ഷുക്കൂർ എന്നാണെന്നും പറഞ്ഞു. വേദിയിൽനിന്ന് പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ശല്യമുണ്ടാക്കാതെ അവിടെയിരുന്നോളാമെന്നായിരുന്നു പ്രതികരണം.
പിന്നീട് ഇറങ്ങിപ്പോകുകയാണെന്ന വ്യാജേന എണീറ്റ് പ്രസംഗ സ്റ്റാൻഡിനടുത്തേക്ക് പാഞ്ഞടുത്തു. പ്രതിക്ക് മാനസികപ്രശ്നമുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. മദ്യപിച്ചിട്ടുണ്ടെന്നാണ് സംശയം. പിണറായി വിജയൻ എത്തുംമുന്നേ സ്റ്റേജിനു സമീപം ഒരു വയോധികനും പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചിരുന്നു. ഇയാളെ പോലീസ് നീക്കി.