31.1 C
Kottayam
Saturday, May 4, 2024

ഒരു ഗ്രാമം പേരുമാറ്റുന്നു; അയിരൂർ പഞ്ചായത്ത് ഇനി മുതൽ ഈ പേരിൽ അറിയപ്പെടും

Must read

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ അയിരൂർ പഞ്ചായത്തിന്‍റെ പേര് മാറുന്നു. ഇനി മുതൽ അയിരൂർ കഥകളി ഗ്രാമം എന്നറിയപ്പെടും. ഔദ്യോഗിക പേര് മാറ്റത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി. കഥകളിയെ നെഞ്ചിലേറ്റിയ ഗ്രാമത്തിനുള്ള ദേശീയ ബഹുമതിയാണ് പുതിയ പേര്. റവന്യു വകുപ്പിലടക്കം എല്ലാ സർക്കാർ രേഖകളിലും ഇനി അയിരൂർ കഥകളി ഗ്രാമം എന്നാകും രേഖപ്പെടുത്തുക. അയിരൂർ തെക്ക് തപാൽ ഓഫീസ് കഥകളി ഗ്രാമം പി ഒ എന്നറിയപ്പെടും.

രണ്ട് നൂറ്റാണ്ടോളം പഴക്കമുണ്ട് കഥകളിയും അയിരൂരും തമ്മിലുള്ള ബന്ധത്തിന്. കേരളത്തിലെ ഏക കഥകളി ഗ്രാമമാണ് അയിരൂർ. കഥകളിയുടെ മുൻകാല ചരിത്രത്തിന്റെ ചുവട് പിടിച്ച് 1995 ൽ അയിരൂരിൽ കഥകളി ക്ലബ്ബും പ്രവർത്തനം തുടങ്ങി. 2006 മുതൽ ഇങ്ങോട്ട് ജനുവരി മാസത്തിൽ പമ്പ തീരത്ത് കഥകളി മേളയും നടക്കുന്നുണ്ട്. ഒപ്പം പുതിയ തലമുറക്കായി കഥകളി പഠന കളരികളും. ഇത്രത്തോളം കഥകളിയുമായി ആത്മബന്ധമുള്ളതുകൊണ്ട് പേര് തന്നെ കലാരൂപത്തിനൊപ്പം ചേർക്കണമെന്ന് നാട്ടുകാർ ആഗ്രഹിച്ചത്. 

2010 ൽ ശ്രീജ വിമൽ അധ്യക്ഷയായിരുന്ന  പഞ്ചായത്ത് ഭരണ സമിതിയാണ് പേര് മാറ്റത്തിനുള്ള നടപടികൾ തുടങ്ങിയത്. നാടിനെ കഥകളി ഗ്രാമമെന്ന് ആദ്യം പ്രഖ്യാപിച്ചതും പഞ്ചായത്താണ്. പിന്നീട് സംസ്ഥാന കേന്ദ്ര സർക്കാരുകളെ സമീപിച്ചു. വർഷങ്ങൾ നീണ്ടു നിന്ന പരിശ്രമത്തിനൊടുവിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ പേരിന് അംഗീകാരം നൽകിയത്.  2019-ൽ സംസ്ഥാനസർക്കാർ പേരുമാറ്റത്തിന് അംഗീകാരം നൽകി. അന്നത്തെ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷനായ കേരള നെയിംസ് അതോറിറ്റി ഏകകണ്ഠമായി എടുത്ത തീരുമാനത്തിന്  കേന്ദ്ര സർവേ ഡയറക്ടർ ജനറൽ അംഗീകാരം നൽകി. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടതോടെയാണ് പേരുമാറ്റത്തിന്റെ ഔദ്യോഗികനടപടികൾ പൂർത്തിയായത്. 

എല്ലാവർഷവും ജനുവരി ആദ്യവാരം ജില്ലാ കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിൽ അയിരൂർ കഥകളിഗ്രാമത്തിൽ നടത്തുന്ന കഥകളിമേള ദേശീയശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. പേര് മാറുന്നതോടെ കഥകളിയെ പ്രോത്സാഹിപ്പിക്കാൻ കൂടുതൽ പദ്ധതികളും പഞ്ചായത്ത് വിഭാവനം ചെയ്യുന്നുണ്ട്. കഥകളി മ്യൂസിയത്തിനടക്കം പദ്ധതി തയ്യാറായി കഴിഞ്ഞുവെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളി പ്രഭാകരൻ നായർ പറഞ്ഞു. ഒരു കലാരൂപത്തിന്റെ പേരുചേർത്ത് ഗ്രാമത്തിന് പേരിടുന്നത് രാജ്യത്ത് ആദ്യമാണെന്നും അതില്‍ അഭിമാനമുണ്ടെന്നും അമ്പിളി പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week