കോഴിക്കോട്: സില്‍വര്‍ ലൈന്‍ സര്‍വേ കല്ല് സ്ഥാപിച്ചതോടെ പുരയിടം വില്‍ക്കാനാവാതെ വലഞ്ഞ് ഓട്ടോ ഡ്രൈവര്‍. കോഴിക്കോട് മാത്തോട്ടം സ്വദേശിയായ മദനിയാണ് കടം വീട്ടാന്‍ വഴിയില്ലാതെ സില്‍വര്‍ ലൈനില്‍ കുരുങ്ങി പോയത്. നാലിരിട്ടി നഷ്ടപരിഹാരം ലഭിക്കുമെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് തന്റെ വീട് 25 ലക്ഷം രൂപയ്ക്ക് വാങ്ങാമെന്ന് മദനി ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചതും നാട്ടില്‍ ചര്‍ച്ചയായി.
മൂന്നര സെന്റ് ഭൂമിയും രണ്ട് ബെഡ് റൂം ഉള്‍പ്പെടുന്ന വീടും 27 ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിക്കാനിരിക്കെയാണ് സില്‍വര്‍ ലൈന്‍ കല്ല് സ്ഥാപിച്ചത്. പിന്നെ വീട് അന്വേഷിച്ചു പോലും ആരും വന്നില്ല. കൊവിഡ് കാരണം വരുമാനം കുറഞ്ഞതോടെ വായ്പാ തിരിച്ചടവ് കഴിഞ്ഞ രണ്ടു വര്‍ഷമായി മുടങ്ങി കിടക്കുകയാണ്.
സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കാത്തു നിന്ന് നഷ്ടപരിഹാരം വാങ്ങി വായ്പ തിരിച്ചടയ്ക്കാനുള്ള സമയവുമില്ല. അങ്ങനെയാണ് ഇങ്ങനെയൊരു ബോര്‍ഡ് ഇവിടെ സ്ഥാപിച്ചത്. മൊബൈല്‍ നമ്പര്‍ സഹിതമുള്ള ഫ്ലക്സ് ബോര്‍ഡ് കണ്ടവരെല്ലാം സംഗതി ട്രോളാണോ, അതോ സീരിയസാണോയെന്ന ചിന്തയിലായി.
ഫ്ളക്സ് ബോര്‍ഡ് സമൂഹമാധ്യമങ്ങളില്‍ ഹിറ്റായതോടെ പല നാട്ടില്‍ നിന്നും ഫോണ്‍ വിളിയെത്തി. ആ വിളികളില്‍ പിന്തുണയും ഭീഷണിയും ഉണ്ടായിരുന്നു. എന്നാല്‍ വീട് വാങ്ങാന്‍ തയ്യറായി ഇതുവരെ ആരും മുന്നോട്ട് വന്നിട്ടില്ലെന്നാണ് മദനി പറയുന്നത്.