ഭോപ്പാല്‍: കൊവിഡ് രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് കിട്ടാതെ വരുന്നതിലെ ബുദ്ധിമുട്ട് മനസിലാക്കി സ്വന്തം ജീവിതോപാദിയായ വാഹനം ആംബുലസ് ആക്കി മാറ്റി ഒരു യുവാവ്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഓട്ടോറിക്ഷ ഡ്രൈവറായ ജാവേദ് ഖാന്‍ സ്വന്തം ഓട്ടോറിക്ഷ ആംബുലന്‍സ് ആക്കിയത്.
രോഗികളെ സൗജന്യമായി ആശുപത്രിയില്‍ എത്തിക്കുമെന്ന് ജാവേദ് ഖാന്‍ പറയുന്നു. കൊവിഡ് രോഗികള്‍ ആംബുലന്‍സ് കിട്ടാതെ നഷ്ടപ്പെടുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും കണ്ടിരുന്നു. ഇതേതുടര്‍ന്നാണ് ഇത്തരമൊരു ആലോചന നടത്തിയത്.
ഭാര്യയുടെ ആഭരണങ്ങളെല്ലാം വിറ്റാണ് ഓട്ടോറിക്ഷ ആംബുലന്‍സാക്കി മാറ്റുന്നതിന് പണം കണ്ടെത്തിയത്. ഓക്സിജന്‍ റിഫില്‍ കേന്ദ്രത്തില്‍ ക്യുവില്‍ നിന്ന് ഒരു സിലിണ്ടര്‍ ഓക്സിജന്‍ സംഘടിപ്പിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ തന്നെ ബന്ധപ്പെടാനുള്ള നമ്പറും നല്‍കി.
ആംബുലന്‍സ് സേവനമൊന്നും ലഭിക്കാതെ വന്നാല്‍ ആര്‍ക്കും തന്നെ വിളിക്കാം. കഴിഞ്ഞ 15-20 ദിവസമായി ഈ സേവനം ചെയ്യുന്നു. ഗുരുതരാവസ്ഥയിലായ ഒമ്പത് പേരെ ഇതിനകം ആശുപത്രിയില്‍ എത്തിച്ചുവെന്നും ജാവേദ് ഖാന്‍ പറഞ്ഞു.