KeralaNews

അട്ടൽമലയിലെ രക്ഷാപ്രവർത്തനം അതീവ ദുഷ്കരം; സൗകര്യങ്ങൾ പരിമിതം,വടങ്ങൾ എത്തിക്കും,മരണം 90ആയി

വയനാട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവര്‍ത്തനത്തിനായി അഡ്വഞ്ചർ പാർക്കുകളിലെ റോപ്പുകളും എത്തിക്കുന്നു. ചൂരൽമലയിലെ പത്താം വാർഡായ അട്ടൽമലയിലെ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണെന്ന് സൈന്യം അറിയിച്ചു.

ചൂരൽമലയും പത്താം വാർഡും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ഒലിച്ച് പോയതിനാൽ അങ്ങോട്ട് കടക്കുക ദുഷ്കരമാണ്. 5 സൈനികർ കയർ കെട്ടി പത്താം വാർഡിലേക്ക് കടന്നെങ്കിലും കൂടുതൽ പേരെ എത്തിക്കാനുള്ള കയർ അടക്കമുള്ള സൗകര്യങ്ങൾ ഇല്ലെന്ന് സൈന്യം അറിയിച്ചു. അതേസമയം, ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 90 ആയി ഉയർന്നു. 

ഈ സാഹചര്യത്തിലാണ് തൊട്ടടുത്തുള്ള അഡ്വഞ്ചർ പാർക്കുകളിലെ വലിയ റോപ്പുകൾ എത്തിക്കാൻ ഡെപ്യൂട്ടി കളക്ടർ നിർദേശം നൽകിയത്. ദുരന്തത്തിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടതും തകർന്നടിഞ്ഞതും പത്താം വാർഡായ അട്ടമലയാണ്. അതിനാലാണ് രക്ഷാ പ്രവർത്തനം ആദ്യം അങ്ങോട്ട് കേന്ദ്രീകരിക്കുന്നത്.

അതിനിടെ, തിരുവനന്തപുരത്ത് നിന്ന് രണ്ട് കോളം സൈനികരുടെ സംഘത്തെ വഹിച്ചു കൊണ്ട് രണ്ട് വിമാനങ്ങൾ ഉടൻ പുറപ്പെടും. 5 മണിക്ക് വിമാനങ്ങൾ കണ്ണൂർ വിമാനത്താവളത്തിൽ എത്തും. അവിടെ നിന്ന് റോഡ് മാർഗം വയനാട്ടിലേക്ക് പോകും. ജീവൻ രക്ഷാ ഉപകരണങ്ങളും രക്ഷാപ്രവർത്തനത്തിന് ഉള്ള ഉപകരണങ്ങളുമടക്കം വഹിച്ചു കൊണ്ടാണ് ഇവർ എത്തുന്നത്. കണ്ണൂരിൽ നിന്നുള്ള സൈനിക സംഘവും ചൂരൽമലയിൽ എത്തിയിട്ടുണ്ട്. 

വയനാട്ടിലെ ഉരുൾപൊട്ടലിൽ ലയങ്ങൾ കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം തടത്തുന്നതായി സന്നദ്ധപ്രവർത്തകൻ ഷാജി അറിയിച്ചു. നിരവധി ലയങ്ങള്‍ എന്‍ഡിആര്‍എഫിൻ്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും ഇവിടെയെല്ലം രക്ഷാ പ്രവര്‍ത്തനം നടക്കുന്നുവെന്നും കെ.വി.ഷാജി പറഞ്ഞു.

അതേസമയം, മരണം 90 ആയി ഉയർന്നു. മൂന്ന് ലയങ്ങള്‍ ഒലിച്ചു പോയെന്നും ആയിരക്കണക്കിന് പേരാണ് രക്ഷാപ്രവർത്തനത്തിന് എത്തിയിരിക്കുന്നതെന്നും ഷാജി പറഞ്ഞു. മണ്ണിനടിയിൽ നിരവധി പേരാണ് കുടങ്ങിക്കിടക്കുന്നത്. ആളുകളെ രക്ഷപ്പെടുത്താൻ കഴിയുന്നുണ്ട്. മിലിട്ടറിയും ഫയർഫോഴ്സും നാട്ടുകാരും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് രക്ഷാദൗത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. നിരവധി വീടുകൾ മണ്ണിനടിയിലാണ്. പ്രത്യേകിച്ച് ലയങ്ങൾ മണ്ണിനടിയിൽ പോയിട്ടുണ്ടെന്നും ഇതെല്ലാം കണ്ടെത്തി രക്ഷാപ്രവർത്തനം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

മുണ്ടക്കൈയിൽ നിന്ന് ആരും ആശുപത്രിയിലെത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. മുണ്ടക്കൈ ഭാ​ഗത്ത് നിന്നുള്ള ചിലർ ചാലിയാറിലേക്ക് ഒലിച്ചു പോയിട്ടുണ്ട്. ആരൊക്കെയുണ്ട്, ആരൊക്കെ പോയി എന്നൊന്നും യാതൊരു വിവരവുമില്ലെന്ന് പറയുകയാണ് പ്രദേശവാസികളിലൊരാൾ. ചാലിയാറിൽ നിന്ന് മാത്രം കണ്ടെടുത്തത് 10 മൃതദേഹങ്ങളാണ്. മുണ്ടക്കൈ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

ഒരു പ്രദേശമാകെ ഒലിച്ചു പോയിരിക്കുകയാണ്. രാത്രി ഒരു മണിക്ക് ശേഷമാണ് ​ദുരന്തമുണ്ടായത്. ഉറക്കത്തിലാണ് വെള്ളം കുത്തിയൊലിച്ചെത്തിയത്. നൂറിലേറെ പേർ‌ ഇപ്പോഴും മണ്ണിനടിയിലുണ്ടെന്നാണ് സൂചന. രക്ഷാപ്രവർത്തനത്തിന് ഏഴിമലയിൽ നിന്ന് നാവികസേനയെത്തിയിട്ടുണ്ട്.

റംലത്ത്, അഷ്റഫ്, കുഞ്ഞിമൊയ്തീൻ, ലെനിൻ, വിജീഷ്, സുമേഷ്, സലാം, ശ്രേയ, പ്രേമലീല, റെജിന എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 5 ഇടങ്ങളിലായിട്ടാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. മേപ്പാടി ഹെല്‍ത്ത് സെന്‍ററിലെത്തിച്ച 40 മൃതദേഹങ്ങളിൽ- 21 പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്. വിംസ് ആശുപത്രിയിൽ 8 മൃതദേഹങ്ങളിൽ- രണ്ട് പേരെ തിരിച്ചറിഞ്ഞു. വൈത്തിരി താലൂക്ക് ആശുപത്രി ഒന്നും, മലപ്പുറം പോത്തുകല്ല് പ്രദേശത്ത് നിന്ന് ലഭിച്ച 10 മൃതദേഹങ്ങളിൽ എട്ടെണ്ണം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലുമുണ്ട്. മലപ്പുറം ചുങ്കത്തറ കുന്നത്തു പൊട്ടി കടവിൽ ഒരു മൃതദേഹം കൂടി കിട്ടി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker