ഇംഫാൽ: മണിപ്പൂരിൽ സൈനികരും കുക്കി വിഘടനവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 11 വിഘടനവാദികളെ വധിച്ചു. മണിപ്പൂരിലെ ജിരിബാമിൽ സിആർപിഎഫ് പോസ്റ്റിനു നേരെ ആക്രമണം നടത്തിയവരെയാണ് വധിച്ചത്. സിആർപിഎഫ് പോസ്റ്റിനു നേരെ ആക്രമണമുണ്ടായതോടെ സൈന്യം തിരിച്ചടിക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്കും പരിക്കേറ്റിട്ടുണ്ട്.
ഇന്ന് ഉച്ചക്ക് ശേഷമാണ് കുക്കികൾ സിആർപിഎഫ് ക്യാമ്പിന് നേരെ ആക്രമണം നടത്തിയത്. ആയുധങ്ങളുമായെത്തിയ കുക്കികൾ സൈനിക ക്യാംപിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ഇവർ നേരത്തെ ബോറോബെക്ര പൊലീസ് സ്‌റ്റേഷനും ആക്രമിക്കുകയും ജകുരധോറിലെ മെയ്തെയ് വിഭാഗത്തിൽപ്പെട്ടവരുടെ നാല് വീടുകൾക്ക് തീയിടുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട കുക്കികളുടെ കയ്യിൽ നിന്നും നിരവധി ആയുധങ്ങൾ സൈന്യം പിടിച്ചെടുത്തു.
അതിനിടെ ആയുധധാരികളുടെ വെടിയേറ്റ് ഒരു കർഷകനും പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിൽ ആണ് കർഷകന് നേരെ വെടിവെപ്പുണ്ടായത്. കുന്നിൽ മുകളിൽ നിന്നും ആയുധങ്ങളുമായെത്തിയ സംഘം വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇത് മൂന്നാം ദിവസമാണ് ഇത്തരത്തിൽ മലമുകളിൽനിന്ന് കർഷകർക്ക് നേരെ വെടിവയ്പ്പുണ്ടാകുന്നത്. പ്രദേശത്ത് സൈന്യം വിന്യസിച്ചിട്ടുണ്ട്.