ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യ കുമാറിനെതിരെ ആക്രമണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാലയിടാനെന്ന വ്യാജേനെയെത്തിയവര്‍ മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. സംഘം ആംആദ്മി പാര്‍ട്ടി വനിതാ കൗണ്‍സിലറോട് മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. ആംആദ്മി പാര്‍ട്ടി ഓഫീസിനടുത്ത് വെച്ചായിരുന്നു സംഭവം. ആപ് കൗണ്‍സിലര്‍ ഛായ ഗൗരവ് ശര്‍മ പൊലീസില്‍ പരാതി നല്‍കി.
തന്റെ ഷാള്‍ വലിച്ചൂരിയ അക്രമികള്‍ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തിയെന്നും ഛായ ഗൗരവ് ശര്‍മ പരാതിയില്‍ പറയുന്നു. അക്രമികള്‍ കറുത്ത മഷി ജനങ്ങള്‍ക്കിടയിലേക്ക് എറിഞ്ഞുവെന്നും നിരവധി സസ്ത്രീകള്‍ക്ക് പരിക്കേറ്റെന്നും പരാതിയില്‍ ചൂണ്ടികാട്ടി. ഛായ ശര്‍മ്മയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കനയ്യകുമാര്‍ ഓഫീസില്‍ നിന്നും പുറത്തിറങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറയുന്നു.
യോഗത്തിന് ശേഷം കനയ്യ കുമാറിനെ യാത്രയാക്കാന്‍ ഛായ ശര്‍മ്മ പുറത്തേക്കിറങ്ങിയപ്പോള്‍ ചിലര്‍ വന്ന് കനയ്യ കുമാറിന് മാല ചാര്‍ത്തി. തൊട്ടുപിന്നാലെയാണ് കനയ്യക്ക് നേരെ ചിലര്‍ മഷി എറിയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത്.
ഛായ ശര്‍മ്മ ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ അവരോടും മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു, നോര്‍ത്ത് ഈസ്റ്റ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ വിശദീകരിച്ചു. ഛായ ശര്‍മ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നിയമനടപടി ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു.