![](https://breakingkerala.com/wp-content/uploads/2025/02/atm-theft-_1200x630xt-780x470.jpg)
കോഴിക്കോട്: കോഴിക്കോട് പറമ്പിൽ കടവ് പാലത്തു എ ടിഎം കുത്തി തുറന്നു മോഷണത്തിന് ശ്രമം. സംഭവത്തിൽ ഒരാൾ പിടിയിലായി. മലപ്പുറം സ്വദേശി വിജേഷ് ആണ് ചേവായൂർ പൊലീസിന്റെ പിടിയിലായത്.
ഹിറ്റാച്ചിയുടെ എ ടി എം കുത്തിത്തുറക്കാൻ ആയിരുന്നു ശ്രമം. രാത്രി പട്രോളിംഗ് നടത്തിയ പൊലീസ് സംഘമാണ് മോഷണ ശ്രമം കണ്ടെത്തിയത്. എ ടി എം കൌണ്ടറിനുള്ളിൽ നിന്നും മോഷ്ടാവിനെ പൊലീസ് പിടികൂടുകയായിരുന്നു.
പോളി ടെക്നിക് ബിരുദധാരിയായ യുവാവ് സാമ്പത്തിക ബാധ്യത തീർക്കാൻ ലക്ഷ്യമിട്ടാണ് മോഷണത്തിനിറങ്ങിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ചെറിയ ഗ്യാസ് കട്ടർ അടക്കമുള്ളവ യുവാവിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ ഓൺലൈൻ ജോലിയുടെ മറവിൽ രണ്ട് കോടി 23 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിൽ പ്രതി കാസർകോട്ട് പിടിയിലായി. പയ്യന്നൂർ കവ്വായി സ്വദേശി മുഹമ്മദ് നൗഷാദാണ് അറസ്റ്റിലായത്.
കേരളത്തിനകത്തും പുറത്തും സമാന രീതിയിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ ഉണ്ട്. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ഓൺലൈൻ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് കാസർകോട് പിടിയിലായത്.
പയ്യന്നൂർ കവ്വായി സ്വദേശി 45 വയസുകാരനായ മുഹമ്മദ് നൗഷാദിനെ സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തത്. കാസർകോട്ടെ ഒരു ഡോക്ടറിൽ നിന്ന് രണ്ടുകോടി 23 ലക്ഷം രൂപ ഓൺലൈനിലൂടെ പാർട്ട് ടൈം ജോലിയുടെ മറവിൽ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.