പത്തനംതിട്ട: ശബരിമലയിലെ വരുമാനത്തിൽ വൻ വർധന. ഇത്തവണത്തെ മണ്ഡല മകരവിളക്ക് കാലത്ത് 440 കോടി രൂപ വരുമാനമായി ലഭിച്ചെന്നാണ് ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 80 കോടി രൂപയുടെ വര്‍ധനയാണ് വരുമാനത്തില്‍ ഉണ്ടായത്. വരുമാനം നാലിലൊന്ന് കൂടി എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഇക്കുറി ആറ് ലക്ഷം ഭക്തര്‍ അധികമായി എത്തിയതായും മന്ത്രി അറിയിച്ചു.
എങ്കിലും അന്തിമ വരുമാനം കണക്കുകൾ ഇനിയും ഉയർന്നേക്കും എന്നാണ് ലഭ്യമായ വിവരം. നിലവിൽ സന്നിധാനത്തെ വരുമാനം മാത്രമാണ് കണക്കാക്കിയിട്ടുള്ളത്. പമ്പ, നിലയ്ക്കൽ തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള വരുമാനത്തിന്റെ കണക്കുകൾ കൂടി ഇനി കിട്ടാനുണ്ട്. അവ എണ്ണിത്തിട്ടപ്പെടുത്തി വരുന്നതേയുള്ളൂവെന്നാണ് മന്ത്രി അറിയിച്ചത്.
പതിനെട്ടാം പടിയില്‍ കഴിഞ്ഞ തവണ ഒരുമിനിറ്റില്‍ 65 പേരെയാണ് കടത്തിവിട്ടത്. എന്നാൽ ഇത്തവണ അത് 90 പേരായി ഉയർത്തിയിരുന്നു. ഇതാണ് ഭക്തരുടെ എണ്ണത്തില്‍ ഇത്രയധികം വര്‍ധനവുണ്ടാകാന്‍ കാരണമായി കണക്കാക്കുന്നത്. പരിചയസമ്പന്നരായ പോലീസുകാരെ ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചതിനാൽ തിരക്ക് ഫലപ്രദമായി നിയന്ത്രിക്കാൻ കഴിഞ്ഞു.
അടുത്ത തീര്‍ഥാടനകാലത്ത് ഡോളി സമ്പ്രദായം പൂർണമായും ഒഴിവാക്കാന്‍ ആലോചിക്കുന്നതായും റോപ് വേയുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു. ഒരു മാസത്തിനുള്ളിൽ ശിലാസ്ഥാപനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ബിഒടി മാതൃകയിലാണ് നിർമ്മാണം നടത്തുക. ഒന്നര വർഷമാണ് നിർമ്മാണത്തിനായി കമ്പനി പറഞ്ഞിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി അഭൂതപൂര്‍വമായ ഭക്തജനതിരക്കിനാണ് ഈ സീസൺ ശബരിമല സാക്ഷ്യം വഹിച്ചത്. കേരളത്തിന് അകത്തും അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ള തീർത്ഥാടകരുടെ എണ്ണത്തിൽ കാര്യമായ വർധനയാണ് രേഖപ്പെടുത്തിയത്. എങ്കിലും കാര്യമായ പരാതികൾ ഇല്ലാതെ ഇത്തവണത്തെ തീർത്ഥാടനം നടന്നുവെന്നത് എടുത്തുപറയേണ്ടതാണ്.
ഇടക്കാലത്ത് കോവിഡ് വ്യാപനം മൂലം ശബരിമലയിലെ ഭക്തജന പ്രവാഹത്തിൽ ഉണ്ടായ ഇടിവ് ഇക്കുറി മറികടന്നു. എന്ന് മാത്രമല്ല വരുമാനത്തിലും വളരെ വലിയ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. 53 ലക്ഷം തീർത്ഥാടകർ ഈ സീസണിൽ മാത്രം മല ചവിട്ടി എന്നാണ് കണക്കാക്കുന്നത്. 10 ലക്ഷം പേർ സ്പോട്ട് ബുക്കിംഗ് വഴിയാണ് ദർശനം നടത്തിയത്.