‘ഇത്രയും കഷ്ടപ്പെട്ട് ഒരു റൊമാന്റിക് സീൻ മുൻപ് ചെയ്തിട്ടില്ല, ഇരുന്ന് ഉരുകുകയായിരുന്നു’ ആസിഫ് അലി
കൊച്ചി:ഒറ്റ സിനിമയിലെ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളുവെങ്കിൽ ആ ഒരൊറ്റ സിനിമ കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രണയ ജോഡിയായി മാറിയവരാണ് ആസിഫ് അലിയും മംമ്ത മോഹൻദാസും. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് കഥ തുടരുന്നു എന്ന സിനിമയിലാണ് ആസിഫ് അലിയും മംമ്തയും ഒന്നിച്ചെത്തിയത്. 2010 ൽ റിലീസ് ചെയ്ത ചിത്രം വമ്പൻ ഹിറ്റായി മാറിയിരുന്നു.
ജയറാം കേന്ദ്ര കഥാപാത്രമായ ചിത്രത്തിൽ വളരെ ചെറിയ ഭാഗത്തിലാണ് ആസിഫ് അലിയും മംമ്തയും ഒന്നിച്ചുണ്ടായിരുന്നത്. ഇവർ ഒന്നിച്ചുള്ള ഗാനരംഗമടക്കം ഗംഭീര ഹിറ്റായി മാറിയിരുന്നു. സിനിമയിൽ അഭിനയിക്കുമ്പോൾ ആസിഫിന് മംമ്തയോട് പ്രണയം തോന്നിയതും നടൻ അത് പിന്നീട് തുറന്നു പറഞ്ഞതുമൊക്കെ വലിയ വാർത്തയായിരുന്നു.
അതിനൊക്കെ ശേഷം വർഷങ്ങൾക്കിപ്പുറമാണ് ഈ ജോഡി വീണ്ടും ഒന്നിക്കുന്നത്. സേതുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മഹേഷും മാരുതിയും എന്ന ചിത്രത്തിലാണ് മംമ്ത മോഹൻദാസും ആസിഫ് അലിയും വീണ്ടും നായകനും നായികയുമാകുന്നത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെയും വി.എസ്.എൽ ഫിലിം ഹൗസിന്റെയും ബാനറിൽ മണിയൻപിള്ള രാജുവാണ് ചിത്രം നിർമ്മിക്കുന്നത്.
വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ആസിഫ് അലിയും മംമ്തയും ഇപ്പോൾ. ചിത്രത്തിലെ ചെയ്യാൻ വിഷമിച്ച റൊമാൻസ് രംഗത്തെ കുറിച്ചും ഇവർ സംസാരിക്കുന്നുണ്ട്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
ഏകദേശം 13 വർഷങ്ങൾക്ക് ശേഷമാണ് ആസിഫും മംമ്തയും നായിക നായകന്മാരാവുന്നത്. ഈ ഗ്യാപ്പിനെ കുറിച്ച് ചോദിച്ചപ്പോൾ, ആ സിനിമയുടെ പ്രമോഷനും തിരക്കുകളുമെല്ലാം കഴിഞ്ഞപ്പോൾ എല്ലാവരും ഞങ്ങൾ നല്ല പെയറാണെന്ന് സമ്മതിച്ചു തന്നു. അപ്പോൾ പിന്നെ അത് അങ്ങനെ ഇരുന്നോട്ടെ എന്ന് കരുതി അതുകൊണ്ടാണ് ഒന്നിച്ചുള്ള ഒരു സിനിമയ്ക്ക് ഗ്യാപ്പ് വന്നതെന്നാണ് ആസിഫ് പറഞ്ഞത്.
കുടുംബസമേതം തീയേറ്ററുകളിലെത്തി പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയുന്ന രസകരമായ ചിത്രമായിരിക്കും മഹേഷും മാരുതിയുമെന്ന് ആസിഫ് പറഞ്ഞു. ചിത്രീകരണത്തിനിടെയുണ്ടായ അനുഭവങ്ങളും താരങ്ങൾ പങ്കുവച്ചു. മാരുതി കാറിനുള്ളിൽ വച്ച് ചിത്രീകരിച്ച റൊമാന്റിക്ക് സീൻ ഒരിക്കലും മറക്കാൻ കഴിയാത്തത് ആണെന്നാണ് ആസിഫ് പറയുന്നത്.
എ സി ഇല്ലാത്ത കാറിനുള്ളിൽ ചൂട് കാരണം ഉരുകിയാണ് അഭിനയിച്ചതെന്ന് ഇരുവരും പറഞ്ഞു. ചുട്ട് പൊള്ളുന്ന ചൂടായിരുന്നു. ഷൂട്ടിനിടെ ചൂട് കാരണം മംമ്ത തലയൊക്കെ പുറത്തിട്ടിരുന്നു അതൊക്കെ ഷോട്ടിന്റെ ഭാഗമാണെന്ന് കരുതി നൈസ് മംമ്ത എന്നൊക്കെ ഓരോരുത്തർ കയ്യടിക്കുന്നുണ്ടായിരുന്നു എന്നാൽ അത് ചൂട് കാരണമായിരുന്നെന്നും താരങ്ങൾ പറഞ്ഞു.
അതിലെ ഒരു പാട്ടിൽ സ്‌കൂൾ യൂണിഫോം ഇട്ട് സ്റ്റീലിന്റെ ചോറും പാത്രമൊക്കെ പിടിച്ച് വരുന്ന ഒരു സീനുണ്ടെന്നും അത് തനിക്ക് പുതിയൊരു അനുഭവം ആയിരുന്നെന്നും മംമ്ത പറയുന്നുണ്ട്. നാട്ടിലെ സ്‌കൂളിൽ പഠിക്കാത്തത് കൊണ്ട് തന്നെ താൻ അങ്ങനെയൊന്നും സ്‌കൂളിൽ പോയിട്ടില്ലെന്ന് മംമ്ത പറഞ്ഞു.
നിർമ്മാതാവ് മണിയൻപിള്ള രാജുവിനെ കുറിച്ചും ഇരുവരും വാചാലരാവുന്നുണ്ട്. ഈ സിനിമയുടെ ലൊക്കേഷൻ മുഴുവൻ ഫണ്ണായിരുന്നു. മാളയിലായിരുന്നു ഷൂട്ടിങ്. നിർമാതാവായിരുന്നു സിനിമയിലെ ഏറ്റവും വലിയ ഫൺ എലമന്റ്. രാജുവേട്ടന്റെ പ്രസന്റ്സ് തന്നെ മൊത്തം ആമ്പിയൻസും മാറ്റും. ഒരു പ്രൊഡ്യൂസർ എന്ന് പറയുമ്പോൾ നമ്മുടെ മനസിലേക്ക് വരുന്ന ചില കാര്യങ്ങളുണ്ട്. അദ്ദേഹം അതിൽ നിന്നൊക്കെ നേർവിപരീതമാണ്.
ഉച്ചയാകുമ്പോൾ ലൊക്കേഷനിൽ വരുന്നയാൾ, മൊത്തത്തിൽ വന്ന് എല്ലാവരെയും ഒന്ന് പേടിപ്പിച്ചിട്ട് പോകുന്നയാൾ എന്നൊക്കെയാണ് നിർമാതാവിനെ കുറിച്ച് ചിന്തിച്ച് വെച്ചിരിക്കുന്നത്. പക്ഷെ രാജുവേട്ടൻ അങ്ങനെയല്ല. ഒന്നാമത്തെ ദിവസം മുതൽ രാവിലെ ഏറ്റവും ആദ്യം സെറ്റിൽ വരുന്നത് അദ്ദേഹമാണ്.പാക്കപ്പ് പറയുന്നത് വരെ ലൊക്കേഷനിൽ തന്നെ കാണും.
ബ്രേക്ക് ടൈമൊക്കെ കൃത്യമായി അദ്ദേഹം നോക്കും. ഒരുമണിക്ക് ശേഷം ഷൂട്ട് ചെയ്യാൻ സമ്മതിക്കില്ല. ലഞ്ച് കഴിച്ചിട്ട് ഇനി പണിയെടുത്താൽ മതിയെന്ന് നിർബന്ധം പിടിക്കും. പിന്നെ ഭക്ഷണം. തരുന്ന ആഹാരത്തിന്റെ ക്വാളിറ്റിയിലൊക്കെ ഭയങ്കരമായി അദ്ദേഹം ശ്രദ്ധിക്കും. സിനിമയിലെ പ്രധാനപ്പെട്ട സീനാണ് ഷൂട്ട് ചെയ്യുന്നതെങ്കിൽ പോലും പട്ടിണി കിടന്നിട്ട് ആരും പണിയെടുക്കേണ്ട എന്നാണ് പറയുകയെന്നും ആസിഫ് അലി പറഞ്ഞു.