NationalNews

ഗ്യാന്‍വാപി മസ്ജിദില്‍ സർവ്വേ ആരംഭിച്ച് എഎസ്ഐ: കനത്ത സുരക്ഷ,ബഹിഷ്കരിച്ച് പള്ളിക്കമ്മിറ്റി

വാരണാസി: ഗ്യാന്‍വാപി മസ്ജിദ് പരിസരത്ത് ആർക്കിയോളജിക്കള്‍ സർവ്വേ ഓഫ് ഇന്ത്യ (എ എസ് ഐ)യുടെ ശാസ്ത്രീയപരിശോധന ആരംഭിച്ചു. മസ്ജിദിലും പരിസര പ്രദേശത്തും ശാസ്ത്രീയ പരിശോധന നടത്താന്‍ അലഹബാദ് കോടതി കഴിഞ്ഞ ദിവസം എഎസ്ഐക്ക് അനുമതി നല്‍കിയിരുന്നു. പരിശോധനയ്ക്കെതിരെ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് പ്രിതിങ്കർ ദിവാകർ വിധി പ്രസ്താവിച്ചത്. ശാസ്ത്രീയപരിശോധനയ്ക്കായി എഎസ്ഐ അധികൃതർ പ്രാദേശിക ഭരണകൂടത്തിന്റെ അനുമതി തേടിയിട്ടുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് എസ് രാജലിംഗം പറഞ്ഞു.

17-ാം നൂറ്റാണ്ടിൽ ക്ഷേത്രം തകർത്താണ് പള്ളി പണിതതെന്ന വാദം പരിശോധിക്കാൻ എ എസ് ഐക്ക് സർവ്വേ നടത്താമെന്ന് വാരണാസി ജില്ലാ കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ പള്ളിക്കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചെങ്കിലും വാരണാസി കോടതിയുടെ വിധി ഹൈക്കോടതിയും ശരിവെക്കുകയായിരുന്നു. നിർദ്ദിഷ്ട നടപടി “നീതിയുടെ താൽപ്പര്യത്തിൽ അനിവാര്യമാണ്” എന്നും ഇരുപക്ഷത്തിനും ഗുണം ചെയ്യുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

രാവിലെ ഏഴ് മണിയോടെയാണ് സർവേ ആരംഭിച്ചതെന്ന് എഎസ്ഐ വൃത്തങ്ങൾ അറിയിച്ചു. പള്ളിയുമായി ബന്ധപ്പെട്ട നിയമ തർക്കത്തിൽ ഹിന്ദു ഹർജിക്കാരുടെ പ്രതിനിധികൾക്കൊപ്പം എഎസ്‌ഐ ടീം അംഗങ്ങളും കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്ക് കീഴിൽ കോംപ്ലക്‌സിനുള്ളിൽ ഹാജരായിരുന്നു. അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി അംഗങ്ങൾ സർവേ ബഹിഷ്‌കരിച്ചിട്ടുണ്ട്. സർവേയ്ക്ക് എഎസ്ഐ സംഘത്തെ അനുഗമിക്കേണ്ട കമ്മിറ്റി പ്രതിനിധികൾ ബഹിഷ്കരണത്തില്‍ നിന്ന് വിട്ടുനില്‍ക്കും.

സർവേയിൽ പള്ളിയുടെ ഘടനയ്ക്ക് കേടുപാടുകൾ സംഭവിക്കില്ലെന്ന എഎസ്‌ഐയുടെ ഉറപ്പ് അവിശ്വസിക്കേണ്ട കാര്യമില്ലെന്നും സർവ്വേയ്ക്ക് അനുമതി നല്‍കികൊണ്ട് കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം, നേരത്തേ അഭിഭാഷകസംഘം നടത്തിയ സർവേയിൽ ശിവലിംഗം കണ്ടെത്തിയതായി പറയുന്ന പള്ളിക്കുളത്തിലും പരിശോധനയുണ്ടാവില്ല. ഈ ഭാഗത്ത് പരിശോധന നടത്താന്‍ സുപ്രീംകോടതിയുടെ വിലക്ക് നിലനില്‍ക്കുന്നുണ്ട്.

16ാം നൂറ്റാണ്ടില്‍ ഔറംഗസേബിന്റെ ഭരണകാലത്ത് കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഒരു ഭാഗം തകര്‍ത്ത് ഔറംഗസേബിന്റെ കല്‍പ്പന പ്രകാരം മസ്ജിദ് നിര്‍മ്മിച്ചു എന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. മസ്ജിദ് സമുച്ചയത്തിലെ വിഗ്രഹങ്ങളിൽ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് ഹിന്ദുസ്ത്രീകൾ സമർപ്പിച്ച ഹർജിയാണ് നിലവിലെ കേസിലേക്ക് നയിച്ചത്. അതേസമയം, പള്ളിയിൽ സർവേയ്ക്ക് അലഹബാദ് ഹൈക്കോടതി അനുമതി നൽകിയത് ചോദ്യം ചെയ്ത് മുസ്‍ലിംവിഭാഗമായ അഞ്ജുമാൻ ഇന്തസാമിയ മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker