KeralaNews

അരുവിക്കുത്ത് വെള്ളച്ചാട്ടത്തിന്റെ വന്യ സൗന്ദര്യം മരണക്കെണിയായി;കയത്തിലെ കല്ല് തലയ്ക്കിടിച്ച് മരണം; അച്ഛന് പിറകെ മകനും പോയ വേദനയില്‍ തേക്കിന്‍തണ്ടും

തൊടുപുഴ: അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ എം.ജി. യൂണിവേഴ്സിറ്റി എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചത് അപകടം. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റിലും പോസ്റ്റുമോര്‍ട്ടത്തിലും മുങ്ങി മരണം വ്യക്തമാണ്. വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയപ്പോള്‍ കാല്‍വഴുതി കയത്തില്‍ വീണതാണെന്നാണ് സൂചന. ആദ്യം ഒരാള്‍ വീണിട്ടുണ്ടാകും. രക്ഷിക്കാനുള്ള ശ്രമത്തില്‍ രണ്ടാമത്തെ ആളും കയത്തില്‍ കുടുങ്ങിയതായിരിക്കും എന്നാണ് നിഗമനം.

വന്യസൗന്ദര്യമാണ് മുട്ടം അരുവിക്കുത്ത് വെള്ളച്ചാട്ടത്തിന്. ചെറിയൊരു അശ്രദ്ധയുണ്ടായാല്‍ മരണത്തിലേയ്ക്ക് വഴുതുന്ന അപകട മേഖലയാണ് ഇത്. കാടുംപടലും നിറഞ്ഞ ഒറ്റപ്പെട്ട ഭീതിപ്പെടുത്തുന്ന വന്യ സൗന്ദര്യമാണ് അരുവിക്കുത്തിലേത്. മൂന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി മുരിക്കാശ്ശേരി തേക്കിന്‍തണ്ട് കൊച്ചുകരോട്ട് പരേതനായ ഷാജിയുടെ മകന്‍ ഡോണല്‍ ഷാജി(22), പത്തനാപുരം മഞ്ഞക്കാല തലവൂര്‍ പള്ളിക്കിഴക്കേതില്‍ റെജിയുടെ മകള്‍ അക്‌സാ റെജി(18) എന്നിവരെയാണ് മരിച്ചനിലയില്‍ ശനിയാഴ്ച വൈകീട്ട് കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ തലയുടെ പിന്‍ഭാഗത്ത് ഒരു മുറിവുണ്ട്. കയത്തില്‍ നിരവധി പാറകളുണ്ട്. ഇതില്‍ തലയിടിച്ചതാകാമെന്നാണ് കരുതുന്നത്. മറ്റ് പാടുകളോ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ ഇല്ല. ഡോണലിന്റെ ദേഹത്തും സംശയകരമായ പാടുകളോ മുറിവുകളോ ഇല്ല. കോളേജില്‍ എന്‍.എസ്.എസ്. ക്യാമ്പ് തുടങ്ങുകയായിരുന്നു. അതില്‍ പങ്കെടുക്കേണ്ടയാളായിരുന്നു ഡോണല്‍. അക്‌സ ശനിയാഴ്ച ഉച്ചയോടെ വീട്ടില്‍പോകാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.

അഞ്ചുവര്‍ഷം മുന്‍പാണ് ഡോണലിന്റെ അച്ഛന്‍ ഒരു അപകടത്തില്‍ മരിച്ചത്. കഴിഞ്ഞദിവസം മകനും. ഇതോടെ തേക്കിന്‍തണ്ട് കൊച്ചുകരോട്ട് വീട് സങ്കടക്കടലിലാണ്. ഡോണലിന്റെ അച്ഛന്‍ ഷാജു വിളവെടുത്ത കൊക്കോ ചാക്കിലാക്കി തലയിലേറ്റിവരുമ്പോള്‍ തെന്നിവീണ് പരിക്കേറ്റാണ് അഞ്ചുവര്‍ഷം മുന്‍പ് മരണം. ഷാജിയുടെ മരണം തീരാവേദനയായി നില്‍ക്കുമ്പോഴാണ് ഡോണലിനെയും മരണം കൊണ്ടു പോകുന്നത്. വിങ്ങിപ്പൊട്ടുന്ന അമ്മ ലിസിയെ ആശ്വസിപ്പിക്കാന്‍ ബന്ധുക്കള്‍ക്ക് ആകുന്നുണ്ടായിരുന്നില്ല. പുണെയിലായിരുന്ന ജ്യേഷ്ഠന്‍ സോണച്ചന്‍ അനുജന്റെ മരണവാര്‍ത്ത അറിഞ്ഞ് ഞായറാഴ്ച രാവിലെ എത്തിയിരുന്നു.

1960-കളില്‍ സിനിമകള്‍ക്ക് ലൊക്കേഷനായ സ്ഥലമാണ് അരുവിക്കുത്ത്. മധു ആദ്യമായി അഭിനയിച്ച നിണമണിഞ്ഞ കാല്‍പ്പാടുകള്‍ എന്ന സിനിമയുടെ ക്ലൈമാക്സ് മുതല്‍ വനദേവത, തോക്കുകള്‍ കഥ പറയുന്നു തുടങ്ങിയ സിനിമകള്‍ ഇവിടെ ചിത്രീകരിച്ചിരുന്നു. മൂന്നാംമൈലില്‍ മലങ്കര ഫാക്ടറിയുടെ സമീപമുള്ള വഴിയിലൂടെയാണ് അരുവിക്കുത്തിലേയ്ക്കുള്ള പ്രധാനപാത. എന്നാല്‍, ഇതു കൂടാതെ മൂന്നോ നാലോ നടപ്പാതകളും ഇങ്ങോട്ടേയ്ക്കുണ്ട്. രസതത്രം, വെറുതെ ഒരു ഭാര്യ, വെള്ളിമൂങ്ങ, വജ്രം എന്നീ സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. കല്യാണ വീഡിയോ, ആല്‍ബം എന്നിവ ചിത്രീകരിക്കാനും ഇവിടെ ആളുകള്‍ വരാറുണ്ട്.

കരിങ്കുന്നം-മുട്ടം പഞ്ചായത്തുകളെ വേര്‍തിരിക്കുന്ന ഈ വെള്ളച്ചാട്ടത്തെക്കുറിച്ച് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലുണ്ട്. കരിങ്കുന്നം പഞ്ചായത്തിലെ ചക്കള്ളുംകാവും അരവിക്കുത്തുമായി ബന്ധമുണ്ടെന്നും നാറാണത്തുഭ്രാന്തന്‍ ഈ അരുവിക്കുത്തില്‍ കുളിച്ചെന്നുമാണ് പരാമര്‍ശം. ഇവിടെ നാറാണത്തുഭ്രാന്തന്റെ പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യം ഏറെ നാളായി ഉയരുന്നുണ്ട്.

നഗരത്തില്‍ അഞ്ച് കിലോ മീറ്റര്‍ മാത്രം ദൂരെയുള്ള അതിമനോഹരിയായ അരുവിക്കുത്ത് വെള്ളച്ചാട്ടം കാണാന്‍ ദിവസവും നൂറുകണക്കിന് പേരാണെത്തുന്നതെങ്കിലും ഇവിടെ യാതൊരുവിധ സുരക്ഷാ സംവിധാനവും അധികൃതര്‍ ഒരുക്കിയിട്ടില്ല. വെള്ളച്ചാട്ടത്തിലേക്കെത്താനുള്ള ദുര്‍ഘടപാതയ്ക്ക് ഇരുവശവും കാടും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞതാണ്. ആരെങ്കിലും അപകടത്തില്‍പ്പെട്ടാലും വേഗത്തില്‍ ശ്രദ്ധ പതിയണമെന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker