തിരുവനന്തപുരം: പുനർജൻമത്തിൽ വിശ്വസിച്ച് അരുണാചൽ പ്രദേശിൽ ജീവനൊടുക്കിയ നവീൻ തോമസ് എട്ട് വർഷത്തിലധികമായി മരണാനന്തര ജീവിതത്തെക്കുറിച്ച് ഇൻറര്‍നെറ്റിൽ സേർച്ച് ചെയ്തിരുന്നതിന്റെ തെളിവ് പൊലീസിനു ലഭിച്ചു. അരുണാചൽ പ്രദേശിലെ ഹോട്ടല്‍ മുറിയിലാണ് നവീനെയും ഭാര്യ ദേവിയെയും സുഹൃത്ത് ആര്യയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ നാലാമതൊരാൾക്കു പങ്കില്ലെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
നവീൻ വിശ്വാസത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഭാര്യ ദേവിയുമായി പങ്കുവച്ചിരുന്നു. നവീനും ദേവിയും ഇൻറർനെറ്റിൽ മരണാനന്തര ജീവിതത്തിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിരുന്നു. പീന്നീടാണ് ആര്യ ഇരുവരുടെയും വിശ്വാസങ്ങളുടെ ഭാഗമാകുന്നത്. ആര്യയ്ക്കും വ്യത്യസ്ത രീതിയിലുള്ള വിശ്വാസങ്ങളുണ്ടായിരുന്നു.
‘ഡോൺ ബോസ്കോ’ എന്ന പേരിൽ മെയിൽ സന്ദേശങ്ങൾ അയച്ചത് ഒരു വനിതയാണെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. മൂന്നുപേരുടെയും ചാറ്റുകളും മെയിലുകളും പരിശോധിക്കുകയാണെന്നും ഉടനെ തന്നെ മരണത്തിലേക്കു നയിച്ച കാരണങ്ങൾ വ്യക്തമാകുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. നാളെയോ മറ്റന്നാളോ ഉദ്യോഗസ്ഥർ മാധ്യമങ്ങളെ കാണും.
ആരുടെയും പ്രേരണയാലല്ല സ്വന്തം വിശ്വാസം അനുസരിച്ചാണു മൂന്നുപേരും മരിക്കാൻ തീരുമാനിച്ചതെന്നാണു പൊലീസ് പറയുന്നത്. ഹോട്ടലിലെ സിസിടിവി പരിശോധിച്ചപ്പോൾ, മരിക്കുന്നതിനു മുൻപ് മൂന്നുപേരും സന്തോഷത്തിലായിരുന്നു എന്നതിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചു. ആത്മഹത്യാക്കുറിപ്പിൽ മൂന്നുപേരുടെയും പേരെഴുതി ഒപ്പിട്ടിരുന്നു. കൈയ്യക്ഷരം മൂന്നുപേരുടെതുമാണെന്നു ശാസ്ത്രീയപരിശോധനയിലൂടെ വ്യക്തമായി.