കൊല്‍ക്കത്ത: തന്റെ ഫ്‌ലാറ്റുകളില്‍നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെടുത്ത പണം അറസ്റ്റിലായ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടേതാണെന്ന് മന്ത്രിയുടെ സുഹൃത്തും സിനിമാ നടിയുമായ അര്‍പിത മുഖര്‍ജി. കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ അര്‍പിതയെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ഫ്‌ലാറ്റുകളില്‍നിന്ന് 50 കോടിയോളം രൂപയും കിലോക്കണക്കിനു സ്വര്‍ണവും റെയ്ഡില്‍ പിടിച്ചെടുത്തു. തന്റെ ഫ്‌ലാറ്റുകളെ പാര്‍ഥ മിനി ബാങ്കുകളാക്കി മാറ്റിയെന്ന് അര്‍പിത പറഞ്ഞതായി മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഫ്‌ലാറ്റുകളില്‍ കണക്കില്‍പ്പെടാത്ത പണമുണ്ടെന്ന് അറിയാമായിരുന്നെങ്കിലും ഇത്രയും വലിയ തുകയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് അര്‍പിത ഇഡിയോടു പറഞ്ഞതായാണ് വിവരം. പാര്‍ഥയുടെ ആളുകള്‍ ഇടയ്ക്കിടെ ഫ്‌ലാറ്റില്‍ വരുമായിരുന്നെന്നും പണം സൂക്ഷിച്ച മുറികളില്‍ തനിക്കു പ്രവേശനമുണ്ടായിരുന്നില്ലെന്നും അര്‍പിത വെളിപ്പെടുത്തിയതായി ഇഡി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫ്‌ലാറ്റില്‍നിന്ന് നോട്ടുകെട്ടുകള്‍ക്കും സ്വര്‍ണാഭരണങ്ങള്‍ക്കും പുറമേ സെക്സ് ടോയ്കളും കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്. ഒരു വെള്ളിത്തളികയും കണ്ടെടുത്തു. ബംഗാളി കുടുംബങ്ങളില്‍ പരമ്പരാഗതമായി നവവധൂവരന്‍മാര്‍ക്കു നല്‍കുന്നതാണ് ഇത്. ഇത്തരം തളികകള്‍ ഭാഗ്യം കൊണ്ടുവരുമെന്നാണ് സങ്കല്‍പം.
അര്‍പിതയുടെ ഫ്‌ലാറ്റില്‍ സെക്സ് ടോയ്കള്‍ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് ബംഗാളി നടി ശ്രീലേഖ മിത്ര പാര്‍ഥ ചാറ്റര്‍ജിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഈ വിഷയത്തിലും അര്‍പിതയെ ഇഡി ചോദ്യം ചെയ്യും. ആരാണ് ഇവ അര്‍പിതയ്ക്കു നല്‍കിയത്, ഓണ്‍ലൈനില്‍ വരുത്തിയതാണോ തുടങ്ങിയ കാര്യങ്ങള്‍ ഇഡി ചോദിച്ചറിയും. അനാശാസ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതൃത്വത്തിനെതിരെ ആരോപണം ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം കാര്യങ്ങളും അന്വേഷിക്കുക.
തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയായ പാര്‍ഥയെ കഴിഞ്ഞ 23നാണ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ ബെല്‍ഗാരിയ മേഖലയിലെ രണ്ടു ഫ്‌ലാറ്റുകളില്‍ ബുധനാഴ്ചയാണ് ഇഡി തിരച്ചില്‍ നടത്തിയത്. ഇവിടെ നിന്ന് ചില നിര്‍ണായകരേഖകളും ലഭിച്ചതായി ഇഡി അറിയിച്ചു. പാര്‍ഥയും അര്‍പ്പിതയും ഇഡിയുടെ കസ്റ്റഡിയിലാണ്.
കോടതി നിര്‍ദേശപ്രകാരമുള്ള പരിശോധനയ്ക്കായി ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ അലമുറയിട്ടുകരഞ്ഞ് നടി അര്‍പിത മുഖര്‍ജി.
48 മണിക്കൂര്‍ കൂടുമ്പോള്‍ അര്‍പിതയുടെ ആരോഗ്യനില ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിക്കണമെന്നാണു കോടതി നിര്‍ദേശം. ഇതുപ്രകാരം കാറില്‍ കയറ്റി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു നടിയുടെ ഭാവമാറ്റം ഉദ്യോഗസ്ഥരും നാട്ടുകാരും കണ്ടത്. കാറില്‍നിന്നു പുറത്തിറങ്ങാന്‍ മടികാണിച്ച നടി, നിലവിളിക്കുകയും പ്രതിഷേധിക്കുകയും താന്‍ വരുന്നില്ലെന്നു വാശിപിടിക്കുകയും ചെയ്തു.
Yes, this is Arpita Mukherjee!
— Deepti Sachdeva (@DeeptiSachdeva_) July 29, 2022
Refusing to get off the car, and then breaking down like this!
Meanwhile, ED raids another flat linked to her!#MamataBanerjee #WestBengal #ArpitaMukherjee #ParthaChatterjee #TMC #EnforcementDirectorate pic.twitter.com/kPHEyV6ajy
പിന്നീട്, സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് പൊക്കിയെടുത്താണ് അര്‍പിതയെ കാറില്‍നിന്ന് പുറത്തിറക്കി ജോക്കയിലെ ഇഎസ്‌ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാറില്‍നിന്ന് പുറത്തേക്ക് വലിച്ചിറക്കിയപ്പോള്‍ അര്‍പിത നിലത്തിരുന്നും പ്രതിഷേധിച്ചു. കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും നടി ചെവിക്കൊണ്ടില്ല. പിന്നീട്, വീല്‍ചെയറില്‍ ബലമായി പിടിച്ചിരുത്തിയാണു കൊണ്ടുപോയത്. അപ്പോഴും നടി ഉറക്കെ കരയുന്നുണ്ടായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.