ബംഗലൂരു:ഷിരൂരിൽ മണ്ണിടിഞ്ഞു കാണാതായ ലോറിക്കകത്ത് ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ (30) ഉണ്ടോ എന്നു സ്ഥിരീകരിക്കാനായില്ല. ഇന്നലെ പകൽ തെർമൽ ഇമേജിങ് പരിശോധനയിൽ പുഴയ്ക്കടിയിലെ ലോറിക്കകത്ത് മനുഷ്യശരീരത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. പരിശോധന രാത്രിയും തുടര്‍ന്നു. രാത്രി നദിയിലെ തണുപ്പേറുമ്പോൾ ഈ പരിശോധനയ്ക്കു കൃത്യതയേറുമെന്ന് തിരച്ചിലിനു നേതൃത്വം നൽകുന്ന റിട്ട. മേജർ ജനറൽ ഇന്ദ്ര ബാലൻ പറഞ്ഞിരുന്നു.
ലോറിയുടെ ഡ്രൈവിങ് കാബിൻ തകർന്നിട്ടില്ലെന്ന് ഇന്നലെ ഡ്രോൺ പരിശോധനയിൽ വ്യക്തമായി. കാബിനും പിൻവശവും വേർപെട്ട നിലയിലാണെങ്കിൽ പുതിയൊരു സിഗ്നൽ കൂടി കിട്ടണം. ഇന്നലെ അത്തരത്തിൽ സിഗ്നൽ ലഭിച്ചിട്ടില്ല. സാധാരണഗതിയിൽ കാബിൻ തകരാനുള്ള സാധ്യത വിരളമാണെന്ന് ലോറി നിർമാതാക്കളും അറിയിച്ചു.
അപകടം സംഭവിച്ചപ്പോൾ കാബിൻ ലോക്കാകുന്ന സിസ്റ്റം പ്രവർത്തിച്ചിട്ടുണ്ടാകാം. അർജുൻ വാഹനത്തിനകത്തായിരുന്നെങ്കിൽ കാബിനിൽ കുടുങ്ങിക്കിടപ്പുണ്ടാകണം. ജിപിഎസ് വിവരങ്ങൾ പ്രകാരം, അപകട സമയത്ത് ലോറിയുടെ എൻജിൻ ഓണാണ്. ഇതാണ് അർജുൻ ലോറിക്കകത്ത് ഉണ്ടെന്നു കരുതാനുള്ള സാധ്യത.
ലോറി ഓഫാക്കാതെ പുറത്തിറങ്ങാനുള്ള സാധ്യതയുമുണ്ട്. അർജുൻ ലോറി നിർത്തി ചായക്കടയിലേക്കു പോയപ്പോൾ മണ്ണിടിച്ചിലിനൊപ്പം പുഴയിലേക്കു വീണതാകാനും സാധ്യതയുണ്ടെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. ലോറിയിലെ ഏതാനും മരത്തടികൾ കിലോമീറ്ററുകൾ അകലെയുള്ള ഗ്രാമത്തിൽ പുഴയോരത്തു കണ്ടെത്തി. 400 അക്കേഷ്യ തടികളാണ് ലോറിയിൽ ഉണ്ടായിരുന്നത്.