KeralaNews

അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിലെ വനമേഖലയിൽ, നിരീക്ഷണം തുടർന്ന് വനംവകുപ്പ്

കുമളി : ചിന്നക്കനാലിൽ നിന്ന് പിടികൂടി പെരിയാർ കടുവാ സങ്കേതത്തിലെ വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിലെ വനമേഖലയിൽ. തുറന്നുവിട്ട സ്ഥലത്ത് നിന്ന് ഒൻപത് കിലോമീറ്റർ അകലെയാണ് കൊമ്പൻ ഇപ്പോൾ ഉള്ളത്.

പെരിയാർ കടുവാ സങ്കേതത്തിലെ വനമേഖലയിൽ തന്നെയാണ് ഇത്. ജിപിഎസ് കോളറിൽ നിന്ന് സിഗ്നൽ  ലഭിക്കുന്നുണ്ടെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. വനംവകുപ്പ് വാച്ചർമാരുടെ സംഘം അരിക്കൊമ്പനെ നിരീക്ഷിച്ച് വരികയാണ്. ആനയുടെ ആരോഗ്യം തൃപ്തികരമാണെന്നും മയക്കത്തിൽ നിന്ന് കൊമ്പൻ പൂർണമായും ഉണർന്നുവെന്നും വനംവകുപ്പ് വ്യക്തമാക്കി. 

അരിക്കൊമ്പൻ ദൗത്യത്തിന് വേണ്ടി ചിന്നക്കനാലിൽ എത്തിച്ച കുങ്കിയാനകൾ ഇന്ന് മുതൽ മടങ്ങിത്തുടങ്ങിയേക്കും. ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിനാൽ ഇവരെ വീണ്ടും വയനാട്ടിലേക്ക് എത്തിക്കണം. കുങ്കികളെ കൊണ്ടു പോകാൻ രണ്ട് ലോറികളാണ് വനം വകുപ്പിനുള്ളത്. ഇതിൽ രണ്ടാനകളെ ഇന്ന് കൊണ്ടു പോകും.

ആരൊക്കെയാണ് ആദ്യം പോകേണ്ടത് എന്നത് സംബന്ധിച്ച് ഡോ അരുൺ സഖറിയയും വയനാട് ആർആർടി റേഞ്ച് ഓഫീസർ രൂപേഷുമാണ് തീരുമാനം എടുക്കേണ്ടത്. അടുത്ത പതിനഞ്ചു മുതൽ വിക്രമിന് മദപ്പാട് തുടങ്ങുമെന്നതിനാൽ ആദ്യ സംഘത്തിൽ വിക്രമിനെ ഉൾപ്പെടുത്തിയേക്കും. 

അരിക്കൊമ്പനെ നീക്കിയതിന് പിന്നാലെ ചിന്നക്കനാലിൽ ഇന്നലെ വീണ്ടും കാട്ടാന ആക്രമണമുണ്ടായിരുന്നു. കാട്ടാന കൂട്ടം ഷെഡ് തകർത്തു. വിലക്ക് മൗണ്ട് ഫോർട്ട് സ്കൂളിന് സമീപം രാജൻ്റെ ഷെഡാണ് കാട്ടാനക്കൂട്ടം തകർത്തത്. ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ഷെഡിൽ ആരും ഉണ്ടായിരുന്നില്ല. ചക്കകൊമ്പൻ ഉൾപ്പെട്ട കൂട്ടമാണ് ആക്രമണം നടത്തിയത്.

അപകടകാരിയായ അരിക്കൊമ്പനെ ഏറെ പണിപ്പെട്ട് ചിന്നക്കനാലിൽ നിന്ന് പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ സീനിയറോട വനമേഖലയിൽ ഇറക്കി വിട്ടത്. ഇതിന് പിന്നാലെ ചിന്നക്കനാലിലെ ജനങ്ങൾ ഏറെ സമാധാനത്തോടെ ഇരിക്കെയാണ് ചക്കക്കൊമ്പനടങ്ങിയ സംഘത്തിന്റെ ആക്രമണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker