മലപ്പുറം: മെക്ക് സെവൻ വ്യായാമ കൂട്ടായ്മകൾക്കെതിരെ വീണ്ടും വിമർശനവുമായി എപി അബൂബക്കർ മുസ്ലിയാർ. മലബാർ മേഖലകളിൽ നടക്കുന്ന മെക്ക് സെവൻ വ്യായാമക്കൂട്ടായ്മകളിൽ സ്ത്രീകളുടെ മാന്യതയ്ക്ക് വിട്ടുവീഴ്ച സംഭവിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കുറ്റ്യാടിയിൽ നടത്തിയ പ്രസംഗത്തിലാണ് കാന്തപുരം തന്റെ നിലപാട് ആവർത്തിച്ചത്.
വിശ്വാസ സംരക്ഷണമാണ് പ്രധാനം എന്നതിൽ ഉറച്ചുനിൽക്കുന്നു. സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള ഏത് പദ്ധതി കൊണ്ട് വന്നാലും എതിർക്കും. യഥാസ്ഥിതികരെന്ന് വിമർശിച്ചാലും പ്രശ്‌നമില്ല. ലോകം തിരിയാത്തത് കൊണ്ട് പറയുന്നതുമല്ല,നന്നായി മനസിലാക്കിയാണ് ഈ കാര്യം പറയുന്നതെന്നും കാന്തപുരം വ്യക്തമാക്കി.
സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരിക്കുന്നത് ഇസ്ലാമിൽ ഹറാം ആണെന്നിരിക്കെ ലോകത്തിന് നാശം വരുത്തിവെക്കുന്ന പ്രവർത്തികളാണ് മെക്ക് 7 വ്യായാമ മുറയിലൂടെ ചെയ്യുന്നതെന്നായിരുന്നു കാന്തപുരത്തിന്റെ കഴിഞ്ഞ ദിവസത്തെ വിമർശനം. ഇക്കാര്യം പറയുമ്പോൾ വ്യായാമം വേണ്ടേയെന്ന ചോദ്യം തിരിച്ച് ചോദിച്ച് നമ്മളൊന്നും ലോകം തിരിയാത്തവരാണ് എന്ന് പറഞ്ഞ് ചീത്ത പറയുകയും ആക്ഷേപിക്കുകയും ചെയ്യുകയല്ലാതെ സത്യം ചിന്തിക്കുക പോലും ചെയ്യാത്ത ഒരു വിഭാഗം ആളുകളുണ്ടെന്നും കാന്തപുരം പറഞ്ഞിരുന്നു.
ഹറാമായ വഴിയിലേക്ക് ചെറുപ്പക്കാരെ വഴിതിരിച്ചുവിടുകയാണ് മെക്ക് സെവൻ വ്യായാമക്കൂട്ടായ്മയിലൂടെ ചെയ്യുന്നത്. സ്ത്രീകൾ അവരുടെ ശരീരം പോലും തുറന്നുകൊണ്ടാണ് ഈ വ്യായാമത്തിലേർപ്പെടുന്നത്. ഇതിലൂടെ ഈ ലോകത്തിൽ നാശങ്ങളും നഷ്ടങ്ങളുമാണ് വരുത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മുൻകാലങ്ങളിൽ പുരുഷന്മാരെ കാണുന്നതിനും അവരുമായി സംസാരിക്കുന്നതിനും ഇസ്ലാം മതത്തിൽ വിലക്കുണ്ടായിരുന്നു. ഇസ്ലാം മതത്തിലെ ഈ നിർദേശങ്ങൾ കർശനമായി പാലിക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ സ്ത്രീകളും പുരുഷന്മാർക്കും കണ്ടുമുട്ടാനും സംസാരിക്കാമെന്നുള്ള കാര്യങ്ങളാണ് മതപണ്ഡിതന്മാർ പഠിപ്പിച്ചു കൊടുക്കുന്നതെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ വിമർശിച്ചു.