KeralaNews

നോവായി ആന്‍മരിയ,വിടനല്‍കാന്‍ നാടൊന്നാകെ ഒഴുകിയെത്തി, അകമ്പടിയായി ആംബുലന്‍സുകള്‍

ഇടുക്കി: ഇടുക്കി ഇരട്ടയാറിൽ പള്ളിയിലെ കുർബാനക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച ആൻ മരിയ ജോയിയുടെ മൃതദേഹം സംസ്കരിച്ചു. വൻ ജനാവലിയാണ് ആൻ മരിയയെ ഒരുനോക്ക് കാണാനായി വീട്ടിലേക്കും പള്ളിയിലേക്കും എത്തിയത്. രണ്ട് മണിയോടെയാണ് വീട്ടിൽ സംസ്കാര ശുശ്രൂഷകൾ തുടങ്ങിയത്. മന്ത്രി റോഷി അഗസ്റ്റിൻ അടക്കമുള്ളവരെത്തി ആദരാഞ്ജലികൾ അ‌ർപ്പിച്ചു. തുടർന്ന് ഇരട്ടയാർ സെന്‍റ് തോമസ് പള്ളിയിലേക്ക് വിലാപയാത്രയായി എത്തിച്ചു.

ആൻ മരിയയോടുള്ള ആദര സൂചകമായി പത്ത് ആംബുലൻസുകൾ അകമ്പടി സേവിച്ചു. പള്ളിയിലെ കർമ്മങ്ങൾക്ക് ഇടുക്കി രൂപത അധ്യക്ഷൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ മുഖ്യ കാർമ്മികത്വം വഹിച്ചു.  ജൂൺ ഒന്നിന് ഇരട്ടയാർ സെൻറ് തോമസ് പള്ളയിലെ കുർബാനക്കിടെയാണ് ആൻമരിയക്ക് ഹൃദയാഘാതമുണ്ടായത്.  തുടർന്ന് കട്ടപ്പന സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സ്ഥിതി അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടർമാരുടെ നിർദ്ദേശിച്ചു.

കുറഞ്ഞ സമയം കൊണ്ട് മലയോര പാതയിലൂടെ കൊച്ചിയിലെത്തിക്കുക എന്നതായിരുന്നു വലിയ വെല്ലുവിളി. ആംബുലൻസിൽ കൊണ്ടുപോകുന്ന കുട്ടിക്ക് വഴിയൊരുക്കാൻ ബന്ധുക്കൾ അഭ്യർത്ഥിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ നേരിട്ട് ഇടപെട്ടു. മാധ്യമങ്ങളും പോലീസും സമൂഹമാധ്യമ കൂട്ടായ്മകളും ആംബുലൻസ് കടന്നു പോകുന്ന വഴി പ്രചരിപ്പിച്ചു. അങ്ങനെ നാടൊന്നാകെ കൈകോർത്ത് ആൻ മരിയയ്ക്ക് വഴിയൊരുക്കി.

അങ്ങനെ തടസ്സങ്ങൾ ഒന്നുമില്ലാതെ കട്ടപ്പനയിൽ നിന്ന് 139 കിലോമീറ്റർ പിന്നിട്ട്  രണ്ടു മണിക്കൂർ 39 മിനിറ്റുകൊണ്ട്  ആൻ മരിയയെ അമൃത ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ഡോക്ടർമാരുടെ ചികിത്സയിൽ ആദ്യ ദിവസങ്ങളിൽ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായെങ്കിലും പിന്നീട് സ്ഥിതി വഷളായി. ജൂലൈ 26ന് കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. ആരോഗ്യം വീണ്ടെടുത്ത് ആൻമരിയ ജീവിതത്തിലേക്ക് മടങ്ങി വരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ എല്ലാവരെയും ദുഃഖത്തിലാഴ്ത്തി ആൻ മരിയ മരണത്തിന് കീഴടങ്ങുകയായിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker