KeralaNews

ഒരു പെൺബുദ്ധിയെന്ന് എ.ഡി.ജി.പി; ബുദ്ധികേന്ദ്രം അനിതാകുമാരിയെന്ന് നിഗമനം, പിന്നിൽ മൂന്നുപേർ മാത്രം

കൊല്ലം: ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ ബുദ്ധികേന്ദ്രം പദ്മകുമാറിന്റെ ഭാര്യ അനിതാകുമാരിയാണെന്ന് സംശയിക്കുന്നതായി എ.ഡി.ജി.പി. എം.ആര്‍.അജിത്കുമാര്‍. ഒരുവര്‍ഷമായി പ്രതികള്‍ ഇത്തരത്തിലുള്ള പദ്ധതി തയ്യാറാക്കിയിരുന്നതായും ഒന്നരമാസം മുന്‍പാണ് ഈ പദ്ധതി എത്രയുംവേഗം നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്നും എ.ഡി.ജി.പി. പൂയപ്പള്ളി പോലീസ് സ്‌റ്റേഷനില്‍വച്ച്‌ മാധ്യമങ്ങളോട് പറഞ്ഞു.

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യ അനിതാകുമാരി, മകള്‍ അനുപമ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതുവരെയുള്ള അന്വേഷണത്തില്‍ ഇവര്‍ മൂന്നുപേര്‍ക്കും മാത്രമേ കേസില്‍ പങ്കുള്ളൂവെന്നാണ് കണ്ടെത്തല്‍.

സംഭവത്തിന് പിന്നില്‍ ‘ഒരുപെണ്‍ബുദ്ധി’ ആണെന്നായിരുന്നു എ.ഡി.ജി.പി. വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അനിതാകുമാരിയാണ് ഇതിന് പിന്നിലെ ബുദ്ധികേന്ദ്രമെന്നാണ് പോലീസ് സംശയിക്കുന്നത്.

ഒരുവര്‍ഷം മുന്‍പേ പ്രതികള്‍ പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും പദ്മകുമാറിന്റെ അമ്മയും മകള്‍ അനുപമയും ഇതിനെ എതിര്‍ത്തിരുന്നു. ഒരിക്കലും ഇങ്ങനെയൊന്നും ചെയ്യാന്‍പാടില്ലെന്ന് പറഞ്ഞാണ് അമ്മ എതിര്‍ത്തത്. എന്നാല്‍ ജൂണ്‍ 28-ന് അമ്മ മരിച്ചു. മകള്‍ അനുപമയ്ക്ക് യൂട്യൂബില്‍നിന്ന് 3.8 ലക്ഷം മുതല്‍ അഞ്ചുലക്ഷം രൂപവരെ മാസവരുമാനമുണ്ടായിരുന്നു.

ജൂലായ് മാസത്തില്‍ അനുപമയുടെ യൂട്യൂബ് ചാനല്‍ ഡീമോണിറ്റൈസ്ഡ് ആയി. വരുമാനം നിലച്ചു. വരുമാനം നിലച്ചതോടെ അനുപമയും കടുത്ത നിരാശയിലായി. ഇതോടെയാണ് ഈ പെണ്‍കുട്ടിയും പദ്ധതിയില്‍ പങ്കാളികളായതെന്നും എ.ഡി.ജി.പി. പറഞ്ഞു.

അനുപമ ബി.എസ്.എസി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സിന് ചേര്‍ന്നിരുന്നെങ്കിലും പഠനം പൂര്‍ത്തിയാക്കിയില്ല. എല്‍.എല്‍.ബി.ക്ക് ചേര്‍ന്ന് പഠിക്കണമെന്നായിരുന്നു പെണ്‍കുട്ടിയുടെ ആഗ്രഹം. അസ്സലായി ഇംഗ്ലീഷ് കൈകാര്യംചെയ്യുന്നയാളാണ് ഈ പെണ്‍കുട്ടി. ഇതിനിടെയാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. യൂട്യൂബില്‍നിന്ന് വരുമാനം വന്നപ്പോള്‍ പൂര്‍ണമായും അതിലേക്ക് പോയെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡിന് ശേഷം പദ്കുമാറിനുണ്ടായ വലിയ സാമ്പത്തികപ്രശ്‌നങ്ങളാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കാന്‍ കാരണമായതെന്നാണ് പ്രതികളുടെ മൊഴി. അഞ്ചുകോടിയുടെ ബാധ്യതയുണ്ടെന്നാണ് പദ്മകുമാര്‍ പോലീസിനോട് പറഞ്ഞത്. ആറുകോടിയുടെ ആസ്തികളുണ്ടെങ്കിലും ഇതെല്ലാം പണയത്തിലാണ്.

പലയിടങ്ങളില്‍നിന്നായി ഇയാള്‍ വായ്പയെടുത്തിരുന്നു. ഇതിന്റെ പെട്ടെന്നുള്ള ചില തിരിച്ചടവുകള്‍ തീര്‍ക്കാനാണ് പത്തുലക്ഷം രൂപ ആവശ്യമായി വന്നത്. ഈ തുക പലരോടും ചോദിച്ചിരുന്നു. തുടര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പണം കൈക്കലാക്കാമെന്ന പദ്ധതിയിട്ടതെന്നും എ.ഡി.ജി.പി. പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker