സില്‍വര്‍ ലൈനില്‍ അപ്രതീക്ഷിത ട്വിസ്റ്റ്,പാത മംഗലാപുരത്തേക്ക് നീളും,കര്‍ണ്ണാടയുടെയും പിന്തുണ?
തിരുവനന്തപുരം: പിണറായി സര്‍ക്കാറിന്‍റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ലൈന്‍ സെമിഹൈസ്പീഡ് റെയില്‍ പദ്ധതി നടപ്പാക്കുന്നതിനായി പുതിയ നീക്കവുമായി സംസ്ഥാനം. സില്‍വര്‍ലൈന്‍ പദ്ധതി നടക്കുമോ ഇല്ലയോ എന്ന് കേന്ദ്രസര്‍ക്കാര്‍ കൃത്യമായി മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് കര്‍ണാടകയെയും കൂട്ടുപിടിച്ച് സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തുന്നത്. കേന്ദ്രസര്‍ക്കാറിന് മേല്‍ കര്‍ണാടകയും കൂടി പദ്ധതിക്കായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയാല്‍ പച്ചക്കൊടി ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.
അമിത്ഷാ പങ്കെടുത്ത ദക്ഷിണേന്ത്യൻ കൗൺസിൽ യോഗത്തിലാണ് സിൽവലൈനിന് കർണാടകയുടെ പിന്തുണ തേടിയത്. സിൽവർലൈൻ മംഗലാപുരത്തേക്ക് കൂടി നീട്ടുന്നതിൽ കർണാടക മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയുമായുള്ള ചർച്ചക്കും കൗൺസിലിൽ ധാരണയായി. ഈ മാസം അവസാനം ബെംഗളൂരുവില്‍ വെച്ച് ചർച്ച നടക്കും. നാല് പ്രധാന നഗരങ്ങളെയും അയൽ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുള്ള അതിവേഗ റെയിൽ ഇടനാഴിക്കായി തമിഴ്നാടും കൗൺസിലിൽ ആവശ്യമുയർത്തി.
സംസ്ഥാനത്ത് ശക്തമായ എതിര്‍പ്പാണ് സില്‍വര്‍ലൈനിനെതിരെ ഉയരുന്നത്. എതിര്‍പ്പും കേന്ദ്രാനുമതിയിലെ അനിശ്ചാതവസ്ഥയും കണക്കിലെടുത്ത് സാമൂഹികാഘാത പഠനമടക്കം സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. കേന്ദ്രം അനുമതി നല്‍കിയാല്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നാണ് സംസ്ഥാന സര്‍ക്കാറിന്‍റെ നിലപാട്. ഈ സാഹചര്യത്തിലാണ് മംഗലാപുരം കണക്ടിവിറ്റിയെന്ന പുതിയ ആശയം മുന്നോട്ടുവെച്ച് ബിജെപി ഭരിക്കുന്ന കര്‍ണാടകയുടെ പിന്തുണ കൂടി സംസ്ഥാനം തേടുന്നത്.
അമിത്ഷാ നേതൃത്വം നൽകിയ യോഗത്തിൽ അജണ്ടയായി വെച്ചിരുന്നെങ്കിലും, കർണാടക – കേരള മുഖ്യമന്ത്രിമാർ തമ്മിൽ ചർച്ച നടത്തിയ ശേഷം മുന്നോട്ടു പോകാമെന്ന് ധാരണയിലെത്തി അജണ്ടയിൽ നിന്ന് മാറ്റി. ഡിപിആർ ഉൾപ്പടെ സാങ്കേതിക വിവരങ്ങൾ കേരളം കർണാടകക്ക് കൈമാറും. കർണാടയകയുടെ നിലപാട് ഇനി നിർണായകമാകും. അനുകൂലമായാൽ കേന്ദ്ര താൽപര്യം കൂടി പദ്ധതിക്ക് വരുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. തലശേരി-മൈസുരു, നിലമ്പൂർ – നഞ്ചൻഗോഡ് റെയിൽപാതകളുടെ കാര്യത്തിലും ചർച്ച നടക്കും.
സെമി ഹൈസ്പീഡ് റെയിൽ യാഥാർത്ഥ്യമാക്കാൻ കേരളം ശ്രമിക്കുന്നതിനിടെ, കേരളമടക്കം അയൽ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള അതിവേഗ റെയിൽ ഇടനാവിയെന്ന ആവശ്യം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ യോഗത്തിലുയർത്തി. മധുര, ചെന്നൈ, തൂത്തുക്കുടി നഗരങ്ങളെ ബന്ധിപ്പിച്ചുള്ള അതിവേഗ റെയിൽ ഇടനാഴിയെന്നതാണ് തമിഴ്നാടിന്റെ ആശയം.