സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ മൂന്നിയൂര്‍ സ്വദേശിനിയായ അഞ്ചുവയസുകാരിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. കുട്ടി വെന്റിലേറ്ററിലാണുള്ളത്. പുഴയില്‍ കുളിച്ചതിലൂടെയാണ് അമീബ കുട്ടിയുടെ ശരീരത്തിലെത്തിയതെന്നാണ് സംശയിക്കുന്നത്.
ഈ മാസം ഒന്നിനാണ് കുട്ടി കടലുണ്ടി പുഴയിൽ കുളിച്ചത്. ഒരാഴ്ച കഴിഞ്ഞപ്പോൾ പനിയും തലവേദനയും വന്ന കുട്ടിയെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെയാണ് മൂന്ന് ദിവസം മുമ്പ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. വൈറസ് വകഭേദത്തെ കുറിച്ച് അറിയാനായി സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.
സമാനമായ ലക്ഷണങ്ങളോടെ നാല് കുട്ടികളെ കൂടി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അഞ്ച്, ആറ്, 12 വയസ് പ്രായമുള്ള കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലുള്ള അഞ്ചുവയസുകാരിയുടെ ബന്ധുക്കളാണ് ഈ കുട്ടികൾ.
പരാദ സ്വഭാവമില്ലാതെ ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തില്‍പ്പെടുന്ന രോഗാണുക്കള്‍ നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നതുവഴി മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുകയും ചെയ്യുന്നു. പനി,തലവേദന, ഛര്‍ദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍.
മലിനമായ വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നതും മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും രോഗം വരുവാന്‍ കാരണമാകുന്നതിനാല്‍ അത് പൂര്‍ണ്ണമായും ഒഴിവാക്കുകയാണ് പ്രതിരോധിക്കാനുള്ള മാര്‍ഗമായി ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. മഴ തുടങ്ങുമ്പോള്‍ ഉറവയെടുക്കുന്ന നീര്‍ചാലുകളില്‍ കുളിക്കുന്നതും ഒഴിവാക്കണമെന്നും മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും വിദഗ്ധര്‍ പറയുന്നു.
അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ ചികിത്സയ്ക്കാവശ്യമായ മരുന്ന് കേരളത്തിലോ ഇന്ത്യയിലോ ഇല്ല. മരുന്നില്ലാത്തത് പ്രതിസന്ധിയാണെന്ന് കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. അതേസമയം, വിദേശരാജ്യങ്ങളിൽനിന്ന് മരുന്ന് എത്തിക്കാനുള്ള സാധ്യത തേടുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ടാണ് വിദേശരാജ്യങ്ങളിൽനിന്ന് മരുന്ന് കേരളത്തിൽ എത്തിക്കാൻ കഴിയുമോ എന്ന് പരിശോധിക്കുന്നത്. ജർമ്മനി ഉൾപ്പെടെയുള്ള രാജ്യങ്ങളിലാണ് മരുന്നിന്റെ ലഭ്യതയുള്ളതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
മൂന്നിയൂർ ഗ്രാമപഞ്ചായത്തിൽ ജാഗ്രതാനിർദേശം
അഞ്ചുവയസുകാരിക്ക് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചത് പുഴയിൽ കുളിച്ചതിനെ തുടർന്നാണെന്ന സംശയത്തെ തുടർന്ന് മൂന്നിയൂർ ഗ്രാമപഞ്ചായത്തിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. കുട്ടികൾ ഉൾപ്പെടെ എല്ലാവരും പുഴയിൽ കുളിക്കുന്നത് ഒഴിവാക്കണമെന്ന് മൂന്നിയൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് റഫീഖ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ പുഴവെള്ളത്തിൽ ഇറങ്ങിയ ആർക്കെങ്കിലും പനി, കടുത്ത തലവേദന, ജലദോഷം, കണ്ണിന് ചുവപ്പ്, ഛർദ്ദി, ഓക്കാനം, കഴുത്തിന് വേദന തുടങ്ങിയ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ പ്രവർത്തകരെയോ ആശാപ്രവർത്തകരെയോ അറിയിക്കുകയും കളിയാട്ടമുക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിശോധനക്കായി എത്തുകയും ചെയ്യണമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.