കൊച്ചി: പത്തനംതിട്ട റാന്നിയില്‍ യുവാവിനെ കാര്‍ ഇടിപ്പിച്ച് കൊന്ന കേസിലെ മൂന്ന് പ്രതികള്‍ പിടിയിലായി. കൊച്ചിയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. അരവിന്ദന്‍, ശ്രീക്കുട്ടന്‍, അജോ എന്നിവരാണ് പിടിയിലായത്. പ്രത്യേക പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റാന്നിയില്‍ എത്തിച്ച് ചോദ്യം ചെയ്യുമെന്നാണ് പോലീസ് വ്യക്തമാക്കിയത്.
റാന്നി ബവ്‌റിജസിന് മുന്നിലെ ഏറ്റുമുട്ടലിന് പ്രതികാരമായാണ് എതിര്‍ സംഘത്തിലെ അമ്പാടിയെ ഗുണ്ടാസംഘം കാര്‍ ഇടിച്ച് കൊലപ്പെടുത്തിയത്. അമ്പാടി കാറില്‍ നിന്നും ഇറങ്ങിയപ്പോള്‍ രണ്ടാമത്തെ കാറിലുള്ളവര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. അതിനുശേഷം കാര്‍ കയറ്റിയിറക്കി കൊല്ലുകയും ചെയ്തു.
പത്തനംതിട്ട റാന്നി ബവ്‌റിജസിന് മുന്നിലാണ് ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടിയത്. അതിനുശേഷം ഇവര്‍ രണ്ട് കാറുകളിലായി മന്ദമരുതിയില്‍ എത്തി. ഒരു കാറില്‍ നിന്ന് അമ്പാടി ഇറങ്ങിയപ്പോഴാണ് കാര്‍ ഇടിപ്പിച്ച് കൊന്നത്. യുവാവിനെ കൊന്ന ശേഷം ഇവര്‍ കാര്‍ ഉപേക്ഷിച്ച് മുങ്ങി. ചെതോങ്കര സ്വദേശി അമ്പാടി (24)യാണ് കൊല്ലപ്പെട്ടത്. പൊലീസ് പറയുന്നതനുസരിച്ച് കഴിഞ്ഞദിവസം രാത്രിയില്‍ റാന്നിയിലെ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നില്‍ സംഘം ചേര്‍ന്ന് യുവാക്കള്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. ഇത് പിന്നീട് അടിപിടിയിലേക്ക് വഴിമാറി. ഇതിനുപിന്നാലെയാണ് അമ്പാടിയെ വാഹനംകൊണ്ട് ഇടിപ്പിച്ച് കൊലപ്പെടുത്തിയത്.
ആദ്യ ഘട്ടത്തിലെ വിവരമനുസരിച്ച് ഇതൊരു അപകട മരണമാണെന്നായിരുന്നു കരുതിയത്. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിനൊടുവിലാണ് ബിവറേജസിന് മുന്നില്‍ വഴക്കുണ്ടായതായും ഇതിന്റെ തുടര്‍ച്ചയായി ചിലര്‍ വണ്ടി ഇടിപ്പിച്ചതാണ് എന്നുമുള്ള ദൃക്സാക്ഷി മൊഴി പൊലീസിന് ലഭിക്കുന്നത്. ഇതോടെ കൊലപാതകത്തിന് കേസെടുത്തതായാണ് പൊലീസ് നല്‍കുന്ന വിവരം. പ്രതികള്‍ അമ്പാടിയ്ക്ക് പരിചയമുള്ളവര്‍ തന്നെയാണെന്നും രാത്രി ഏറെ വൈകി നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
കൊലയ്ക്ക് ശേഷം മൂന്ന് യുവാക്കളും കാര്‍ ഉപേക്ഷിച്ച് ഒളിവില്‍ പോയി. നടന്നത് ഗ്യാങ്വാറാണെന്നും ആദ്യം ബിവറേജസിന് പിന്നാലെ മടങ്ങിപ്പോയ യുവാക്കള്‍ പിന്നീട് രണ്ട് കാറിലായി മന്ദമരുതിയിലേക്ക് മടങ്ങിയെത്തിയെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.