ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷന്റെ എല്ലാ മത്സരങ്ങളും തത്കാലത്തേക്ക് റദ്ദാക്കി. അധ്യക്ഷനെതിരായ പരാതികൾ അന്വേഷിക്കുന്ന സമിതി നിലവിൽ വരുന്നത് വരെയാണ് തീരുമാനം. അതേസമയം, ആരോപണ വിധേയനായ ബ്രിജ് ഭൂഷണ് സംരക്ഷണം തുടരുകയാണ് ബിജെപി. പിന്തുണയുമായി പാർട്ടി എംഎൽഎമാർ അദ്ദേഹത്തെ സന്ദർശിച്ചു. എംഎൽഎമാരായ അജയ് സിംഗ്, പാൽതു റാം എന്നിവരാണ് ബിജെപി യുട കൈസർഗംഞ്ചിൽ നിന്നുള്ള എംപി കൂടിയായ ബ്രിജ് ഭൂഷണെ സന്ദർശിച്ചത്. ബ്രിജ്ഭൂഷൻ്റെ മകൻ പ്രതീക് ഭൂഷനും യുപിയിൽ നിന്നുള്ള എംഎൽഎയാണ്.
ലൈംഗിക ആരോപണമടക്കമുന്നയിച്ച് ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ദൂഷൺ സിംഗിനെതിരെ വലിയ പ്രതിഷേധമാണ് കായിക താരങ്ങളുയർത്തിയത്. ബിജെപി എംപിയും ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗ് ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം ആദ്യമായി റെസ്ലിംഗ് താരം വിനേശ് ഫോഘട്ടാണ് ഉയർത്തിയത്. താനുൾപ്പടെയുള്ള വനിതാ താരങ്ങളെ ബിജെപി എംപിയും ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന വിനേശ് ഫോഘട്ടിന്റെ ആരോപണത്തിന് പിന്നാലെ കൂടുതൽ വിവരങ്ങളും പുറത്ത് വന്നു.
ഇതിനൊപ്പം ഫേഡറേഷൻ്റെ പ്രവർത്തനത്തിൽ വ്യാപകമായ സാമ്പത്തിക ക്രമക്കേട് നടക്കുന്നുവെന്ന ആരോപണം താരങ്ങളുയർത്തി. കായിക താരങ്ങൾക്ക് വേണ്ട സൌകര്യങ്ങൾ ഒരുക്കുന്നതിനപ്പുറം വ്യക്തിപരമായ തീരുമാനങ്ങളിൽ വരെ ഫെഡറേഷൻ കൈകടത്തുന്നുവെന്നും പരാതി ഉയർന്നിട്ടുണ്ട്. കേന്ദ്ര സർക്കാരോ കോടതിയോ ആവശ്യപ്പെട്ടാൽ ആരോപണങ്ങൾക്ക് തെളിവ് സമർപ്പിക്കുമെന്ന് താരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങളെന്നായിരുന്നു ബ്രിജ് ഭൂഷണിൻ്റെ പ്രതികരണം.