30 C
Kottayam
Friday, May 17, 2024

‘പുരുഷനെ കൊന്നു തള്ളി ഒരു സ്ത്രീയും ഇനി പുറത്തു വിലസണ്ട’; ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കണം: മെൻസ് അസോസിയേഷൻ

Must read

തിരുവനന്തപുരം:ഗ്രീഷ്മയ്ക്ക് ജാമ്യം നൽകിയ കോടതി വിധിയിൽ വിഷമമുണ്ടെന്ന് ഓള്‍ കേരള മെൻസ് അസോസിയേഷൻ. വിധി വന്നതുമുതൽ എങ്ങനെ ഷാരോണിന് നീതി നേടിക്കൊടുക്കാമെന്ന ശ്രമത്തിലായിരുന്നു. അതിനുവേണ്ടി ഒരുപാട് ശ്രമിച്ചുവെന്നും ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി അസോസിയേഷൻ മുന്നോട്ടു പോകുമെന്നും മെൻസ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത്ത് കുമാർ പറഞ്ഞു. പുരുഷന് കിട്ടാത്ത നീതി എന്തിന് ഒരു സ്ത്രീക്ക് കിട്ടണമെന്നും പുരുഷനെ കൊന്നു തള്ളി ഒരു സ്ത്രീയും ഇനി പുറത്തു വിലസണ്ട എന്നും വട്ടിയൂർക്കാവ് അജിത്ത് കുമാർ പറഞ്ഞു.

ആളൂരിന്റെ ജൂനിയർ ബബില ഉമർഖാനെ സംഘടന കേസ് ഏൽപ്പിച്ചുവെന്നും ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയിൽ റിട്ട് സമർപ്പിച്ചാല്‍ മതിയെന്നാണ് അറിഞ്ഞതെന്നും അജിത്ത് കുമാർ പറഞ്ഞു. സുപ്രീംകോടതി വരെ പോകേണ്ടി വന്നാലും ഗ്രീഷ്മയ്ക്ക് ശിക്ഷ ലഭിക്കുന്നതുവരെ പോരാടുമെന്നും അദ്ദേഹം വിഡിയോയിൽ വ്യക്തമാക്കി. 

‘ഗ്രീഷ്മയ്ക്ക് ജാമ്യം കൊടുത്ത വിധിയിൽ ആദ്യത്തെ കേസായതുകൊണ്ട് എന്ന് കോടതി പറഞ്ഞിട്ടുണ്ട്. താങ്കളെപോലെയുള്ളവർ അവിടെ ഇരുന്നാൽ ആർക്ക് എന്ത് നീതിയാണ് കിട്ടുക. ആദ്യ കേസായതുകൊണ്ട് ജാമ്യം കൊടുക്കാൻ എങ്ങനെ പറ്റും. ഗ്രീഷ്മയ്ക്ക് ജാമ്യം കൊടുത്തത് ആദ്യത്തെ കേസ് എന്ന പേരിലാണെങ്കിൽ വിസ്മയ കേസിൽ കിരൺ കുമാർ ജയിലിൽ കിടക്കുന്നതെന്തിന്? അദ്ദേഹത്തിനും ഒരു പശ്ചാത്തലവുമില്ലായിരുന്നു. ഗ്രീഷ്മയെ പുറത്തുകൊണ്ടുവരാൻ എന്തിനാണിത്ര വെമ്പൽ. തുല്യ നീതി നടപ്പാക്കണം. പണത്തിന്റെയും സ്വാധീനത്തിന്റെയും പിന്നിൽ നീതി മാറി പോകരുത്’–അജിത്ത് കുമാർ പറഞ്ഞു. 

സംഭവത്തിൽ സെക്രട്ടറിയേറ്റ് സമരം നടത്തുമെന്നും ജാമ്യത്തിൽ വിട്ട ജസ്റ്റിസിന്റെയും ഗ്രീഷ്മയുടെയും കോലം കത്തിക്കുമെന്നും വിഡിയോയിൽ വ്യക്തമാക്കി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week