വാലന്റൈൻസ് ദിനത്തിൽ ഡേറ്റിങ്ങിന് പോയ ആലിയക്ക് കിട്ടിയ പണി; നടി തുറന്നു പറഞ്ഞപ്പോൾ
മുംബൈ:ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് ആലിയ ഭട്ട്. സിനിമാ കുടുംബത്തിൽ നിന്നാണ് ആലിയ വരുന്നത്. പ്രശസ്ത നിർമ്മാതാവ് മഹേഷ് ഭട്ടിന്റെ മകളാണ് താരം. ഇപ്പോൾ ബോളിവുഡിലെ ഏറ്റവും വലിയ താരകുടുംബത്തിലെ മരുമകൾ കൂടിയാണ് ആലിയ. കഴിഞ്ഞ ഏപ്രില്‍ 14 ന് ആയിരുന്ന നടൻ രൺബീർ കപൂറും ആലിയയും തമ്മിലുള്ള വിവാഹം. താരപ്രൗഢിയോടെ വളരെ ആഘോഷമായിട്ടായിരുന്നു വിവാഹം. ഒരാഴ്ച മുൻപ് ഇവർക്ക് കുഞ്ഞ് ജനിച്ചിരുന്നു.
അഞ്ച് വര്‍ഷത്തെ പ്രണയത്തിനുശേഷം 2022 ഏപ്രില്‍ മാസത്തിലാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തങ്ങള്‍ക്ക് കുഞ്ഞ് ജനിക്കാന്‍ പോകുന്ന കാര്യം ഇരുവരും ആരാധകരെ അറിയിക്കുകയായിരുന്നു.
വിവാഹം കഴിഞ്ഞ് മൂന്നാം മാസത്തിലാണ് താരങ്ങൾ സന്തോഷവാർത്ത പങ്കുവെച്ച്. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ആലിയയാണ് ഈ വിവരം ആദ്യമായി പങ്കുവെച്ചത്. കൂടാതെ രൺബീറിനൊപ്പം സോണോഗ്രാഫി ടെസ്റ്റിന് വിധേയയായതിന്റെ ചിത്രങ്ങളും ആലിയ പങ്കുവെച്ചിരുന്നു.
ഇക്കഴിഞ്ഞ നവംബർ ആറിനാണ് ഇവർക്ക് കുഞ്ഞ് ജനിച്ചത്. മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലായിരുന്നു പ്രസവം. രൺബീറിന്റെ അമ്മ നീതു കപൂറും ആലിയയുടെ അമ്മ സോണി രസ്ദാനും മറ്റ് ബന്ധുക്കളും ആശുപത്രിയിലേക്ക് എത്തിയിരുന്നു. തങ്ങൾ സന്തോഷത്തിലാണ് എന്നാണ് ആശുപത്രിയിൽ നിന്ന് മടങ്ങിയ നീതു കപൂർ മാധ്യമങ്ങളോട് പ്രതികരിച്ചത്. കുഞ്ഞിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും താരങ്ങൾ പങ്കുവച്ചിട്ടില്ല.
അതേസമയം, വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയും മുമ്പ് ഗർഭിണിയാണെന്ന വിവരം പങ്കുവെച്ചതിന് പിന്നാലെ ദമ്പതികൾക്ക് എതിരെ വലിയ രീതിയിൽ ട്രോളും വിമർശനങ്ങളും വന്നിരുന്നു. വിവാഹത്തിന് മുൻപേ ആലിയ ഗർഭിണി ആയിരുന്നോ എന്നതായിരുന്നു പലരുടെയും ചോദ്യം. എന്നാൽ ഇതിനെ ഒന്നും വകവയ്ക്കാതെ ഇരുവരും പൊതുവേദികളിൽ സജീവമായിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിച്ച ബ്രഹ്മാസ്ത്രയുടെ പ്രൊമോഷൻ ചടങ്ങിനൊക്കെ നിറവയറുമായാണ് ആലിയ എത്തിയത്.
അഞ്ച് വർഷക്കാലം പ്രണയിച്ച ശേഷമാണ് ഇരുവരും വിവാഹിതരായത്. തങ്ങളുടെ പ്രണയം ആദ്യം തന്നെ വെളിപ്പെടുത്തിയ താരങ്ങൾ ബോളിവുഡിലെ ക്യൂട്ട് കപ്പിൾസായി നേരത്തെ തന്നെ പേരെടുത്തിരുന്നു. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങളൊക്കെ വൈറലായി മാറിയിരുന്നു.
രൺബീർ ആയി പ്രണയത്തിലാകുന്നതിന് മുൻപ് തനിക്ക് ചില പ്രണയങ്ങൾ ഉണ്ടായിട്ടുള്ളത് ആലിയ തുറന്നു പറഞ്ഞിട്ടുണ്ട്. ചില രസകരമായ സംഭവങ്ങൾ ഉൾപ്പെടെ നടി വെളിപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽ കരൺ ജോഹർ അവതാരകനായ കോഫീ വിത്ത് കരണിൽ ഒരു വാലന്റൈൻസ് ദിനത്തിൽ ഉണ്ടായ സംഭവം ആലിയ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ, അത് വീണ്ടും ശ്രദ്ധനേടുകയാണ്.
തന്റെ പാളിപ്പോയ വാലന്റൈൻസ് ഡേ ഡേറ്റിങ്ങിനെ കുറിച്ചാണ് ആലിയ സംസാരിച്ചത്. കോഫീ വിത്ത് കരൺ സീസൺ നാലിൽ പരിനീതി ചോപ്രയ്ക്ക് ഒപ്പം എത്തിയപ്പോൾ ആയിരുന്നു നടി ഇക്കാര്യം പറഞ്ഞത്.
ചെറുപ്രായത്തിൽ ഒരു വാലന്റൈൻസ് ഡേ ദിനത്തിൽ കാമുകൻ തന്നെ നല്ല രീതിയിൽ നോക്കിയില്ലെന്നാണ് ആലിയ പറഞ്ഞത്.
വാലന്റൈൻസ് ദിനവും ന്യൂ ഇയർ ആഘോഷമൊക്കെ തനിക്ക് ഓവർ റേറ്റഡ് ആയി തോന്നുന്നു എന്നും ആലിയ പറഞ്ഞു, ‘ഒരിക്കൽ എന്റെ കാമുകൻ എന്നെ വാലന്റൈൻസ് ദിനത്തിൽ പുറത്തേക്ക് കൊണ്ടുപോയി, അവൻ എന്നോട് ഒന്ന് മിണ്ടുക പോലും ചെയ്തില്ല. അതുകൊണ്ട് തന്നെ ഇത് ഓവർ റേറ്റഡ് ആണെന്ന് ഞാൻ കരുതുന്നു,’ ആലിയ പറഞ്ഞു.
‘ഞങ്ങൾ ഒന്നും ചെയ്തില്ല, ചെറുപ്പമായിരുന്നു,’ ആലിയ കൂട്ടിച്ചേർത്തു. ഇതുകേട്ട പരിനീതി മിണ്ടാതിരുന്നില്ല. ‘നീ ഒന്നും ചെയ്യാത്തത് കൊണ്ടാണ് അവൻ നിന്നോട് മിണ്ടാതിരുന്നതെന്ന് തോന്നുന്നു’ എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.