EntertainmentKeralaNews

Mohanlal:’സാരിമല്ല അണ്ണാ, ആ ഷര്‍ട്ട് ഞാനിട്ടോളാം’ ‘ഡ്യൂപ്പ് അഴിച്ചുവെച്ച വിയർപ്പ് നിറഞ്ഞ ഷർട്ട്‌ ലാൽ ഇട്ടു, മോഹന്‍ലാലിന്റെ മനുഷ്യസ്‌നേഹം പറഞ്ഞ് സംവിധായകന്‍

കൊച്ചി:സിനിമകളുടെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് ആലപ്പി അഷ്‌റഫ്. പത്തോളം സിനിമകള്‍ സംവിധാനം ചെയ്ത ആലപ്പി അഷ്‌റഫ് നിര്‍മാതാവായും തിരക്കഥാകൃത്തായും നടനായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും സിനിമകളില്‍ പ്രത്യക്ഷപ്പെട്ടു. കുറച്ച് കാലം മുമ്പ് തുടങ്ങിയ യുട്യൂബ് ചാനലിലൂടെ സിിനമയിലെ പല പിന്നണിക്കഥകളും ഫ്‌ളാഷ് ബാക്കുകളും അദ്ദേഹം പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ താന്‍ ആദ്യമായി സംവിധാനം ചെയ്ത ‘ഒരു മാടപ്രാവിന്റെ കഥ’ എന്ന ചിത്രവുമായ ബന്ധപ്പെട്ട അണിയറക്കഥകള്‍ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. 1983-ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ പ്രേം നസീറും മമ്മൂട്ടിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മോഹന്‍ലാലും ഈ സിനിമയുടെ ഭാഗമായിട്ടുണ്ട്. എന്നാല്‍ സംഘട്ടനരംഗം വരെ ചിത്രീകരിച്ച ആ സിനിമയില്‍നിന്ന് മോഹന്‍ലാലിന്റെ കഥാപാത്രത്തെ ഒഴിവാക്കേണ്ടി വന്നു. അന്ന് ഷൂട്ട് ചെയ്ത മോഹന്‍ലാലിന്റെ സംഘട്ടന രംഗവുമായി ബന്ധപ്പെട്ട ഒരു അനുഭവമാണ് ആലപ്പി അഷ്‌റഫ് യുട്യൂബ് ചാനലിലൂടെ വിവരിക്കുന്നത്.

‘പ്രേം നസീര്‍ നായകനായ ഒരു മാടപ്രാവിന്റെ കഥയില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ആ സിനിമയിലില്ല. മമ്മൂട്ടിയും അഭിനയിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടിയുടെ ശബ്ദമല്ല ആ ചിത്രത്തിലുള്ളത്. ഒരു വടക്കന്‍ വീരഗാഥ ഉള്‍പ്പെടെയുള്ള സിനിമകളുടെ ഭാഗമായ മേക്കപ്പ് മാന്‍ ബാലകൃഷ്ണന്‍ എന്ന വ്യക്തിയാണ് ആ സിനിമയില്‍ എന്റെ സഹായിയായി നിന്നത്.

നസീര്‍ സാറിനെയാണ് ഞങ്ങള്‍ നായകനായി തീരുമാനിച്ചത്. ഇന്ന് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ഡേറ്റ് കിട്ടുന്നതുപോലെയായിരുന്നു അന്ന് നസീര്‍ സാറിന്റെ ഡേറ്റ്. അന്നത്തെ അദ്ദേഹത്തിന്റെ ഉയര്‍ന്ന പ്രതിഫലം 75000 രൂപയാണ്. അത് അദ്ദേഹം ഒരു ലക്ഷമായി ഉയര്‍ത്തിയ സമയമാണ് ഞങ്ങള്‍ ഈ സിനിമ ചെയ്യുന്നത്. അന്ന് ഒരു ലക്ഷം എന്ന് പറഞ്ഞാല്‍ ഇന്നത്തെ കണക്കില്‍ അഞ്ച് കോടിക്ക് തുല്ല്യമാണ്. ഏറെ കഷ്ടപ്പെട്ട് ഒരു ലക്ഷം സംഘടിപ്പിച്ച് നസീര്‍ സാറിനെ കാണാന്‍ പോയി. 10 ദിവസത്തെ ഡേറ്റ് രണ്ട് ഷെഡ്യൂളായി നസീര്‍ സാര്‍ തന്നു. നായികയായി സീമയേയും തീരുമാനിച്ചു. സീമയ്ക്ക് അന്ന് 35000 രൂപയാണ് പ്രതിഫലം. പിന്നീടാണ് മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കണ്ടത്.

മമ്മൂട്ടിക്ക് 25000 രൂപയായിരുന്നു പ്രതിഫലം. മോഹന്‍ലാലകട്ടെ ‘അണ്ണാ, ഞാന്‍ വന്ന് ചെയ്യാം’ എന്ന് പറഞ്ഞു. അദ്ദേഹം വലിയ സിനിമകളില്‍ വില്ലന്‍വേഷം ചെയ്യുന്ന സമയമായിരുന്നു അത്. ഷൂട്ടിങ് തുടങ്ങി. നസീര്‍ സാറും മോഹന്‍ലാലും ഉള്‍പ്പെടുന്ന ഒരു സംഘട്ടന രംഗം പ്ലാന്‍ ചെയ്തിരുന്നു. ഇരുവര്‍ക്കും ഡ്യൂപ്പുകളുണ്ട്. ആ രംഗത്തിന്റെ ചിത്രീകരണത്തിനിടെ എന്നെ അദ്ഭുതപ്പെടുത്തിയ ഒരു സംഭവമുണ്ടായി.

മോഹന്‍ലാലിന്റെ ഡ്യൂപ്പിനുള്ള ഡ്രസ് കോസ്റ്റിയൂം ഡിസൈനര്‍ തയ്യാറാക്കിയിരുന്നില്ല. ഷൂട്ടിങ് തുടങ്ങിയപ്പോഴാണ് ഇതറിഞ്ഞത്. അപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞു, ‘കുഴപ്പമില്ല, എന്റെ ഷര്‍ട്ട് തന്നെ ഡ്യൂപ്പിന് കൊടുത്തോളൂ’. ഡ്യൂപ്പ് മോഹന്‍ലാലിന്റെ ഷര്‍ട്ട് ധരിച്ച് ഫൈറ്റ് തുടങ്ങി. ഷൂട്ട് കഴിഞ്ഞപ്പോള്‍ വിയര്‍പ്പ്‌ കാരണം ഷര്‍ട്ട് വെള്ളത്തില്‍ കുതിര്‍ന്ന പോലെയായി. ഷൂട്ട് നിന്നുപോകുമെന്ന അവസ്ഥ വന്നു.

അവിടെ മോഹന്‍ലാല്‍ എന്ന മനുഷ്യസ്‌നേഹിയെ ഞാന്‍ കണ്ടു. ‘സാരിമല്ല അണ്ണാ, ആ ഷര്‍ട്ട് ഞാനിട്ടോളാം’ എന്ന് പറഞ്ഞു. അപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരാള്‍ മോഹന്‍ലാലിനോട് പറഞ്ഞു, ‘ലാലേ അതൊന്നും എടുത്തിടല്ലേ, കുഴപ്പമാകും’ എന്ന്. ‘അതിനെന്താ ആശാനേ, അയാളും നമ്മളെപ്പോലെ മനുഷ്യനല്ലേ…’ എന്നായിരുന്നു ലാലിന്റെ മറുപടി. അങ്ങനെ ഫൈറ്റ് പൂര്‍ണമായും ഷൂട്ട് ചെയ്തു. പക്ഷേ മറ്റ് സീനുകള്‍ എടുക്കാന്‍ മോഹന്‍ലാലിന് സമയമില്ലായിരുന്നു. ഗത്യന്തരമില്ലാതെ ആ കഥാപാത്രത്തെ മോഹന്‍ലാലിന്റെ അനുമതിയോടെ സിനിമയില്‍ നിന്ന് ഒഴിവാക്കി.’-ആലപ്പി അഷ്‌റഫ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker