സാങ്കേതിക തകരാർ: ട്രിച്ചിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കാൻ ശ്രമം; വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ
ട്രിച്ചി | ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കാൻ ശ്രമം. എയർ ഇന്ത്യയുടെ എക്സ് ബി 613 നമ്പർ ബോയിംഗ് 737 വിമാനമാണ് തിരിച്ചിറക്കാൻ ശ്രമിക്കുന്നത്. വിമാനം ഇപ്പോൾ ട്രിച്ചി വിമാനത്താവള പരിധിയിൽ വട്ടമിട്ട് പറന്ന് ഇന്ധനം ഒഴുക്കിക്കളയുകയാണ്. 140 യാത്രക്കാരാണ് വിമാനത്തിൽ ഉള്ളത്.
ട്രിച്ചിയിൽ നിന്ന് വൈകീട്ട് 5.43നാണ് വിമാനം പറന്നുയർന്നത്. അൽപസമയത്തിനകം തന്നെ സാങ്കേതിക തകരാർ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വിമാനം തിരിച്ചിറക്കാൻ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിന്റെ സഹായം തേടുകയായിരുന്നു. ഹൈഡ്രോളിക് തകരാറാണ് വിമാനത്തിന് സംഭവിച്ചതാണ് എന്നാണ് അറിയുന്നത്.
രണ്ട് മണിക്കൂറിലധികമായി വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുകയാണ്. വിമാനം തിരിച്ചിറക്കാൻ സാധിക്കുന്നില്ല എന്നാണ് സൂചന. അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ ഒരുക്കങ്ങളും ട്രിച്ചിയിൽ നടത്തിയിട്ടുണ്ട്. വിമാനത്താവളത്തിന് പുറത്ത് 20ൽ അധികം ആംബുലൻസുകൾ സജ്ജമാക്കി.