കോഴിക്കോട്: തിരുവനന്തപുരം-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ഇന്ത്യ എക്‌സ്പ്രസ്. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സര്‍വീസ് നടത്തുക.
ഡിസംബര്‍ 14 മുതലാണ് സര്‍വീസ് ആരംഭിക്കുക. തിരുവനന്തപുരത്തുനിന്ന് വൈകീട്ട് 6.45-ന് പുറപ്പെടുന്ന വിമാനം (IX 2342) 7.45-ന് കോഴിക്കോടെത്തും. തിരിച്ച് കോഴിക്കോടുനിന്ന് രാത്രി എട്ടുമണിയോടെ പുറപ്പെടുന്ന വിമാനം (IX 2341) 9.05-ന് തിരുവനന്തപുരത്തെത്തും.
തിരുവനന്തപുരം-കോഴിക്കോട് എയര്‍ ഇന്ത്യാ എക്സ്പ്രസ് സര്‍വ്വീസ് ആരംഭിക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട്ടേക്കുള്ള എയര്‍ കണക്ടിവിറ്റി സാധ്യമാക്കുന്നത് സംസ്ഥാനത്തെ ടൂറിസം മേഖലക്ക് ഏറെ ഗുണകരമാണ്. മലബാറിന്റെ വാണിജ്യമേഖലക്കും ഇത് ഗുണകരമായി മാറും.
തലസ്ഥാനത്തുനിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈറ്റ് സര്‍വ്വീസ് ആരംഭിക്കണമെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആവശ്യപ്പെടുകയും ഇതിനായി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു. കോഴിക്കോട് വിമാനത്താവള വികസനം സാധ്യമാക്കുന്നതിനൊപ്പം കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതും ഗുണകരമാകുമെന്ന് മന്ത്രി പറഞ്ഞു.