ഇലോന്‍ മസ്‌കിനെതിരെ ലൈംഗിക ആരോപണവുമായി എയര്‍ ഹോസ്റ്റസ്;വഴങ്ങിയാൽ കുതിരയെ വാങ്ങിത്തരാം,ഒതുക്കാൻ രണ്ട് കോടി
ന്യൂയോര്‍ക്ക്: സ്‌പേസ് എക്‌സ്, ടെസ്ല സിഇഒ ഇലോന്‍ മസ്‌കിനെതിരെ ലൈംഗിക ആരോപണവുമായി എയര്‍ ഹോസ്റ്റസ്. 2016-ല്‍ മസ്‌ക് വിമാനത്തില്‍ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും വിഷയം പുറത്തറിയാതിരിക്കാന്‍ 2,50,000 ഡോളര്‍ (രണ്ടു കോടിക്കടുത്ത് ഇന്ത്യന്‍ രൂപ) നല്‍കിയെന്നുമാണ് ആരോപണം. 2018-ലാണ് സ്‌പേസ് എക്‌സ് എയര്‍ഹോസ്റ്റസിന് പണം കൊടുത്ത് ആരോപണം ഒതുക്കിയതെന്നാണ് പറയുന്നത്.
സ്‌പേസ് എക്‌സിന്റെ കോര്‍പ്പറേറ്റ് വിമാനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു യുവതി. വിമാനത്തിലെ സ്വകാര്യ മുറിയിലേക്ക് വിളിച്ചുവരുത്തി മസ്‌ക് വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തിന് ശ്രമിച്ചുവെന്നാണ് ആരോപണം.പകരമായി കുതിരയെ വാങ്ങി നല്‍കാമെന്നും വാഗ്ദ്ധാനം ചെയ്തുവെന്ന് എയര്‍ഹോസ്റ്റസിന്റെ സുഹൃത്തിനെ ഉദ്ധരിച്ച് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു.
എയര്‍ഹോസ്റ്റസിന്റെ വെളിപ്പെടുത്തല്‍ ഒരു സുഹൃത്ത് വഴിയാണ് പുറത്തുവന്നത്. മസ്‌കിന്റെ ഗള്‍ഫ്‌സ്ട്രീം ജി650ഇആര്‍ വിമാനത്തിന്റെ സ്വകാര്യ മുറിയിലാണ് സംഭവം നടന്നതെന്നാണ് ആരോപണം.
‘വിമാനയാത്രയ്ക്കിടെ ഫുള്‍ബോഡി മസാജിനായി എയര്‍ഹോസ്റ്റസിനെ മസ്‌ക് തന്റെ കാബിനിലേക്ക് ക്ഷണിച്ചു. അവര്‍ കാബിനിലെത്തിയപ്പോള്‍ ചെറിയൊരു ഷീറ്റ് താഴെഭാഗത്ത് ഉണ്ടായിരുന്നതൊഴിച്ച് മസ്‌ക് പൂര്‍ണ്ണ നഗ്നനായിരുന്നു. മസാജിനിടെ മസ്‌ക് തന്റെ സ്വകാര്യഭാഗം തുറുന്നുകാട്ടി, അനുവാദമില്ലാതെ അവളെ സ്പര്‍ശിച്ചു, വഴങ്ങുകയാണെങ്കില്‍ കുതിരയെ വാങ്ങി തരാമെന്ന് വാഗ്ദ്ധാനം ചെയ്തു’ എയര്‍ഹോസ്റ്റസിന്റെ സുഹൃത്ത് പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചു.
അതേ സമയം തനിക്കെതിരെയുള്ള ലൈംഗിക ആരോപണം നിഷേധിച്ച ഇലോന്‍ മസ്‌ക് ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന് വിശേഷിപ്പിച്ചു. ഈ കഥയില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ പുറത്ത് വരാനുണ്ടെന്നും 30 വര്‍ഷത്തെ തന്റെ കരിയറില്‍ ഇതാദ്യമായിരിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.