കുട്ടികളിലെ കൊവിഡ് വാക്സിനേഷന്‍ വേഗത്തിലാക്കണമെന്ന് എയിംസ് മേധാവി
ന്യൂഡല്‍ഹി: രാജ്യത്ത് എട്ടുമുതല്‍ 12 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ കൊവിഡ് വാക്സിനേഷന്‍ നടപടി വേഗത്തിലാക്കണമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കുട്ടികളിലെ പ്രതിരോധശേഷി മുതിര്‍ന്നവരുടേതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ കൊവിഡ് വാക്സിന്റെ ലഭ്യത അനുസരിച്ച് കുട്ടികള്‍ക്ക് വാക്സിന്‍ വിതരണം ചെയ്യുന്ന നടപടികള്‍ വേഗത്തിലാക്കണം. അതില്‍ തന്നെ അസുഖങ്ങളുള്ള കുട്ടികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണം.
കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ അടുത്ത മാര്‍ഗം അതാണെന്നും രണ്‍ദീപ് ഗുലേറിയ പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും എയിംസ് മേധാവി കൂട്ടിച്ചേര്‍ത്തു.
അതേസമയം കേരളത്തിലെ ജനങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായി പ്രത്യേക കാമ്പയിന്‍ നവംബറില്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ വ്യക്തിയിലെയും ജീവിതശൈലീ രോഗങ്ങളെ കണ്ടെത്തി, രോഗം വരാനുള്ള സാധ്യതകളെ കണ്ടെത്തി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.