’15 മാസങ്ങൾക്ക് ശേഷം അവർ തിരിച്ചെത്തി’ മൂന്ന് പേരേയും ഏറ്റുവാങ്ങി ഇസ്രായേൽ സൈന്യം, ആഘോഷവുമായി ബന്ധുക്കൾ
ടെൽ അവീവ്: 15 മാസങ്ങൾക്ക് ശേഷം ഇസ്രായേലിലേക്ക് തിരിച്ചെത്തി അവർ മൂവരും. ഇസ്രായേൽ-റുമാനിയൻ പൗരയായ ഡോറോൻ സ്റ്റൈൻബ്രെചർ, ബ്രിട്ടീഷ് -ഇസ്രായേൽ പൗരത്വമുള്ള എമിലി ദമാരി, റോമി ഗോനൈൻ എന്നിവരെയാണ് തിരിച്ചെത്തിയത്. ഹമാസ് റെഡ് ക്രോസിന് കൈമാറിയ ഇവരെ ഇന്ത്യൻ സമയം രാത്രി 9.30 ഓടെയാണ് ഇസ്രായേൽ സൈന്യം ഏറ്റുവാങ്ങിയത്. മൂവരും സുരക്ഷിതരായി എത്തിയതായി ഐഡിഎഫ് ട്വീറ്റ് ചെയ്തു.
‘471 ദിവസത്തെ തടവിന് ശേഷം റോമി ഗോനൈൻ, എമിലി ദമാരി,ഡോറോൻ സ്റ്റൈൻബ്രെചർ എന്നിവർ ഇസ്രായേലിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ബന്ദികളെ വിട്ടയക്കാനുള്ള കരാറിന്റെ ഭാഗമായാണ് നടപടി’, മൂന്ന് പേരുടേയും ചിത്രങ്ങൾക്കൊപ്പം ഐഡിഎഫ് ട്വീറ്റിൽ പറഞ്ഞു. തിരിച്ചെത്തിയ മൂവരേയും ആരോഗ്യപരിശോധനയ്ക്ക് വിധേയരാക്കി. മൂന്ന് പേരും ആരോഗ്യവാൻമാരണെന്നും ആർക്കും മെഡിക്കൽ സഹായം ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചു.
അതേസമയം മൂവരേയും ഏറ്റുവാങ്ങാൻ ബന്ധുക്കളും എത്തിയിരുന്നു. യുവതികളുടെ അമ്മമാർ ഉൾപ്പെടെയാണ് എത്തിയത്. ഇവരുടെ കാത്തിരിപ്പിന്റേയും സന്തോഷത്തിന്റേയുമെല്ലാം നിമിഷങ്ങൾ ഐഡിഎഫ് പങ്കുവെച്ചു. ഡോറോൻ സ്റ്റൈൻബ്രെചർ 31 കാരിയാണ്. ഇവരെ ഫാർ അസയിൽ നിന്നാണ് ഹമാസ് തട്ടിക്കൊണ്ടുപോയത്. ഇവർ കട്ടിലിന് അടയിൽ ഒളിച്ചിരിക്കുന്നതിനിടയിലാണ് ഇവരെ പിടികൂടിയത്. മകൾക്ക് മെഡിക്കൽ സഹായങ്ങൾ ഹമാസ് നൽകുന്നില്ലെന്ന് നേരത്തേ ഇവരുടെ കുടുംബം റെഡ്ക്രോസിനോട് പരാതിപ്പെട്ടിരുന്നു.
ദമാരിയെ വീടിനുള്ളിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്. ഇവരുടെ നായയെ ഹമാസ് സംഘം വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. തുടർന്ന് ഇവരുടെ കൈക്കും ഹമാസ് വെടിയുതിർത്തു. ദമാരിയുടെ കാറിൽ തന്നെയാണ് ഇവരെ കടത്തിയത്. റോമി ഗൈനനെ നോവ മ്യൂസിക് ഫെസ്റ്റിവെലിനിടയിൽ വെച്ചാണ് തട്ടിക്കൊണ്ടുപോയത്. ഇവർ അമ്മയോട് ഫോണിൽ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. അവർ എന്നെ വെടിവെച്ചു അമ്മ, ചോര ഒലിക്കുന്നുണ്ട് എന്ന മകളുടെ വാക്കുകളാണ് അമ്മ ഫോണിലൂടെ അവസാനമായി കേട്ടത്.
വെടിനിർത്തൽ കരാറിന്റെ ഭാഗമായി 33 ബന്ദികളെയാണ് ആദ്യഘട്ടത്തിൽ ഹമാസ് മോചിപ്പിക്കുക. ഓരോ സിവിലിയൻ ബന്ദികൾക്കും പകരമായി 30 പലസ്തീൻ തടവുകാരേയും ഇസ്രായേലി വനിതാ സൈനികർക്ക് പകരമായി 50 തടവുകാരേയുമാണ് ഇസ്രായേൽ മോചിപ്പിക്കുക. മാത്രമല്ല ഗാസയിൽ നിന്നും ഇസ്രായേൽ സൈന്യം ഘട്ടം ഘട്ടമായി പിൻവാങ്ങുകയും ചെയ്യും. ഗാസയിൽ സഹായങ്ങൾ കൂടുതൽ ആയി എത്തിക്കാനും കരാറിൽ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.