
തിരുവനന്തപുരം: എംഡിഎംഎയുടെ കേരളത്തിലെ മൊത്ത കച്ചവടക്കാരനെ നേമം പോലീസ് ബെംഗളൂരുവിൽനിന്നും പിടികൂടിയത് സിനിമ സ്റ്റൈലിൽ. രണ്ടാഴ്ച മുൻപ് നേമം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രാവച്ചമ്പലം ജംങ്ഷനിൽ ബസ് പരിശോധനയ്ക്കിടെ എംഡിഎംഎയുമായി തിരുമല സ്വദേശി അജിൻ നൗഷാദിനെ അറസ്റ്റുചെയ്തിരുന്നു. ഇയാളിൽനിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നേമം പോലീസ് കണ്ണൂർ സ്വദേശിയായ അഷ്ക്കറി(43)നു വേണ്ടി ബെംഗളൂരുവിലേക്ക് യാത്രതിരിച്ചത്.
പോലീസ് പിൻതുടരുന്ന വിവരം അറിഞ്ഞ് ഇയാൾ ബെംഗളൂർ യെളഹങ്ക പോലീസ് സ്റ്റേഷൻ പരിധിയിൽ ആദിത്യ നഗറിലെ സുഹൃത്തിന്റെ അപ്പാർട്ട്മെന്റിൽ ഒളിക്കുകയായിരുന്നു. അഞ്ചുമണിക്കൂറോളം പരിശ്രമിച്ച് അവിടെയെത്തിയ പോലീസ് പലതവണ ആവശ്യപ്പെട്ടിട്ടും വാതിൽ തുറക്കാത്തതിനാൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി പ്രതിയെ മൽപ്പിടുത്തത്തിലൂടെ കീഴടക്കുകയായിരുന്നു .
ഡിസിപിയുടെയും ഫോർട്ട് എസിയുടെയും നേമം എസ്എച്ച്ഒയുടെയും മേൽനോട്ടത്തിൽ എസ്ഐമാരായ രാജേഷ്, അരുൺ, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വിനീത്, ബിനൂപ്, വൈശാഖ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ ബാംഗ്ലൂരിൽനിന്ന് സാഹസികമായി പിടികൂടി വെള്ളിയാഴ്ച രാത്രിയോടെ കേരളത്തിലെത്തിച്ചത്. അഷ്ക്കറിനെ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.