KeralaNews

‘ജീവിതത്തിലെ വലിയ നിമിഷം’മോദിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നടി ശോഭന

തൃശൂര്‍: പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടിയും നര്‍ത്തകിയുമായ ശോഭന. കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന ബി.ജെ.പിയുടെ മഹിളാ സമ്മേളനത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് ശോഭന ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ആരാധികയുടെ ജീവിതത്തിലെ വലിയ നിമിഷം എന്നാണ് ശോഭന ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.

ആരാധികയുടെ ജീവിതത്തിലെ വലിയ നിമിഷമാണിതെന്നും തൃശൂരില്‍ നടത്തിയ പരിപാടിയില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ അവസരം ലഭിച്ചെന്നും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ശോഭന ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം നടന്ന ബി.ജെ.പിയുടെ പരിപാടിയില്‍ കേന്ദ്രസര്‍ക്കാരിനെയും മോദിയെയും പുകഴ്ത്തിയാണ് ശോഭന സംസാരിച്ചത്. വനിതാ സംവരണ ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദിപറഞ്ഞ ശോഭന, മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെ കാണുന്നുവെന്നും പറഞ്ഞിരുന്നു. ഇത്രയധികം സ്ത്രീകളെ ഒരുമിച്ച് കാണുന്നത് ഇതാദ്യമായിട്ടാണെന്നും അവര്‍ പറഞ്ഞിരുന്നു.

അതേസമയം, തൃശൂരിലെ ബി.ജെ.പി. സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ നടി ശോഭനയെ ബി.ജെ.പിയുടെ അറയിലാക്കാന്‍ സി.പി.എം. ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞിരുന്നു. ‘പ്രധാനമന്ത്രി പങ്കെടുത്ത യോഗമല്ലേ, പ്രധാനപ്പെട്ട ആളുകള്‍ പങ്കെടുത്തോട്ടെ.

പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവരാണ്. ശോഭനയെ പോലൊരു നര്‍ത്തകി, സിനിമാമേഖലയിലെ പ്രഗത്ഭയായൊരു സ്ത്രീ, അവരെയൊന്നും ബി.ജെ.പിയുടെ അറയിലാക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. കലാകാരന്മാരെയും കായികരംഗത്തുള്ളവരെയുമെല്ലാം കക്ഷിരാഷ്ട്രീയത്തിന്റെ അറകളിലേക്ക് തിരിക്കേണ്ട’, എം.വി. ഗോവിന്ദന്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബിജെപി മഹിളാ സമ്മേളന വേദിക്കു സമീപം ചാണകവെള്ളം തളിക്കാനും പ്രതിഷേധിക്കാനും ശ്രമിച്ച കെഎസ്‌യു–യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബിജെപി–യുവമോർച്ച പ്രവർത്തകർ തടഞ്ഞതിനെ തുടർന്നു സംഘര്‍ഷമുണ്ടായിരുന്നു.

വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ നായ്ക്കനാലിൽ വേദി അഴിച്ചുമാറ്റുമ്പോഴായിരുന്നു സംഘർഷം. കെഎസ്‌യു–യൂത്ത് കോൺഗ്രസ് പ്രവർത്തകരും ബിജെപി-യുവമോർച്ച നേതാക്കളും പരസ്പരം വെല്ലുവിളിച്ച് ഏറ്റുമുട്ടി. തുടർന്നു വൻ പൊലീസ് സംഘമെത്തി ബലം പ്രയോഗിച്ചു കെഎസ്‌യു–യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു മാറ്റി സ്ഥിതി ശാന്തമാക്കി.

പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ ക്രമീകരണങ്ങൾക്കായി നായ്ക്കനാലിലെ ആൽമരത്തിന്റെ കൊമ്പുകളും തേക്കിൻകാട് മൈതാനിയിലെ ചില മരച്ചില്ലകളും മുറിച്ചു നീക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണു ‘മാ നിഷാദാ’ എന്ന പേരിൽ ഇരുപതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. 

പ്രധാനമന്ത്രി പ്രസംഗിച്ച വേദിക്കു സമീപം ചാണകവെള്ളം തളിക്കാൻ കെഎസ്‌യു പ്രവർത്തകരും എത്തി. ഇതേസമയം വേദിയിലെ ബോർഡും ബാനറുകളും അഴിച്ചുമാറ്റുന്നതിനും മറ്റും ബിജെപി–യുവമോർച്ച പ്രവർത്തകരും സ്ഥലത്തുണ്ടായിരുന്നു. തുടർന്നു പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകരെ പൊലീസ് നായ്ക്കനാൽ കവാടത്തിനു മുന്നിൽ തടഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker