അച്ഛനെ മാറ്റി വിളിക്കരുത്; എന്റെ പേര് ഇതല്ല; യഥാർത്ഥ പേര് വെളിപ്പെടുത്തി നടി സാനിയ
കൊച്ചി: യുവ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് സാനിയ അയ്യപ്പൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈറൽ ആകാറുണ്ട്. ക്വീൻ എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേയ്ക്ക് സാനിയ ചുവടുവച്ചത്. ഇപ്പോൾ അന്യഭാഷയിൽ തിരക്കേറിയ നടിയാണ് സാനിയ.
വളരെയധികം യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന നടിയാണ് സാനിയ. വിദേശരാജ്യങ്ങൾ ഉൾപ്പെടെ താരം തനിച്ച് സന്ദർശിക്കാറുണ്ട്. ഇവിടെ നിന്നുമുള്ള ചിത്രങ്ങളും തരം സങ്കോചം കൂടാതെ പങ്കുവയ്ക്കാറുണ്ട്. ഈ ചിത്രങ്ങളെല്ലാം തന്നെ നിമിഷ നേരം കൊണ്ടാണ് വൈറൽ ആകാറുള്ളത്. ഇതിന്റെ പേരിൽ നിറയെ വിമർശനങ്ങളും സാനിയയ്ക്ക് നേരിടേണ്ടിവന്നിട്ടുണ്ട്.
സാനിയയുടെ പേര് സംബന്ധിച്ച് ആളുകൾക്ക് ഇപ്പോഴും വലിയ സംശയമാണ്. സാനിയ അയ്യപ്പൻ എന്നും ഇയ്യപ്പൻ എന്നും വാർത്തകളിൽ കാണാറുണ്ട്. എന്നാൽ ഇപ്പോഴിതാ യഥാർത്ഥ പേര് എന്താണെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് സാനിയ. സ്വകാര്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം.
തന്റെ പേര് സാനിയ ഇയ്യപ്പൻ എന്ന് അല്ല എന്നാണ് താരം പറയുന്നത്. പലരും തെറ്റായിട്ടാണ് തന്റെ പേര് പറയുന്നത്. സാനിയ അയ്യപ്പൻ എന്നാണ് പേര്. അച്ഛന്റെ പേരാണ് അയ്യപ്പൻ. ആളുകൾ ഇയ്യപ്പൻ എന്ന് ഉപയോഗിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. എന്റെ പേരിലെ ഇംഗ്ലീഷ് അക്ഷരങ്ങളാണ് ആശയക്കുഴപ്പം ഉണ്ടാക്കുന്നത് എന്നാണ് തോന്നുന്നത് എന്നും സാനിയ കൂട്ടിച്ചേർത്തു.