കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലുണ്ടായ അപകടത്തില്‍ നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ഗായത്രി വര്‍ഷ രംഗത്ത്. അപകടത്തില്‍ ഗുരുതരമായി പരിക്ക് പറ്റി ആശുപത്രിയില്‍ കഴിയുന്ന ഉമാ തോമസ് എം എല്‍ എയെ കാണാനോ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കാനോ ദിവ്യ ഉണ്ണി തയ്യാറായില്ലെന്നും ഗായത്രി വിമര്‍ശിച്ചു.
അപകടം നടന്ന് ആദ്യഘട്ടത്തില്‍ സംഘാടകരുടെ പേര് മാദ്ധ്യമങ്ങള്‍ മറച്ചുവച്ചു. കലാ പ്രവര്‍ത്തനങ്ങള്‍ കച്ചവട മാദ്ധ്യമങ്ങളായി മാറി. അതിന്റെ ഭാഗമായിരുന്നു കൊച്ചിയില്‍ നടന്ന ഗിന്നസ് പരിപാടി. ദിവ്യ ഉണ്ണിയും കച്ചവടപ്രവര്‍ത്തനത്തിന്റെ ഇരയായെന്നും ഗായത്രി വര്‍ഷ പ്രതികരിച്ചു. സംഭവത്തില്‍ ദിവ്യ ഉണ്ണിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ രണ്ട് ദിവസം മുമ്പ് അവര്‍ അമേരിക്കയിലേക്ക് തിരിച്ചുപോയിരുന്നു. ഈ സാഹചര്യത്തിലാണ് വിമര്‍ശനം.
മൃദംഗവിഷന്‍ ആദ്യമായി സംഘടിപ്പിച്ച നാട്യമയൂരി നൃത്തസന്ധ്യയിലേക്കും അന്വേഷണം. കൊച്ചിയിലെ ആഡംബരഹോട്ടലില്‍ ചുരുങ്ങിയ നര്‍ത്തകരെ പങ്കെടുപ്പിച്ചാണ് നാട്യമയൂരി സംഘടിപ്പിച്ചത്. മൃദംഗനാദംപോലെ ഇതിനും പണപ്പിരിവ് നടത്തിയിട്ടുണ്ടോ, വാഗ്ദാനലംഘനം ഉണ്ടായിട്ടുണ്ടോ എന്നെല്ലാമാണ് അന്വേഷിക്കുന്നത്. 2023ല്‍ ഇതു സംബന്ധിച്ച് മൃദംഗ വിഷന്‍ പത്ര സമ്മേളനവും നടത്തി. അന്ന് നാട്യമയൂരിയുടെ ബ്രാന്‍ഡ് അംബാസിഡറായി അവതരിപ്പിച്ചത് നവ്യാ നായരാണ്. ഗിന്നസ് റിക്കോര്‍ഡ് പരിപാടിയില്‍ നവ്യ സഹകരിച്ചില്ല.
നവ്യ പിന്മാറിയതോടെയാണ് അമേരിക്കയില്‍ നിന്നും ദിവ്യാ ഉണ്ണിയെ കൊണ്ടു വന്നതെന്നാണ് സൂചന. ബുധനാഴ്ച രാത്രി 11.30ന് കൊച്ചി വിമാനത്താവളത്തില്‍ നിന്നാണ് സിംഗപ്പൂര്‍ വഴി അമേരിക്കയിലേക്ക് പോകുന്ന ഫ്‌ലൈറ്റില്‍ ദിവ്യ ഉണ്ണി മടങ്ങിയത്.വിവാഹത്തിന് ശേഷം ദിവ്യ ഉണ്ണി വര്‍ഷങ്ങളായി അമേരിക്കയില്‍ കുടുംബമായി സ്ഥിരതാമസമാക്കിയിരിക്കുകയാണ് ഇക്കഴിഞ്ഞ നവംബറിലാണ് നടി കേരളത്തിലെത്തിയത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം നടിയിലേക്ക് നീളുന്നതിനിടെയാണ് മടങ്ങിപ്പോയത്.
ഗിന്നസ് പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡറായിരുന്നു ദിവ്യ ഉണ്ണി. ഇതിലൂടെ നടിക്ക് കിട്ടിയ പ്രതിഫലം ഉള്‍പ്പെടെ അന്വേഷിക്കാനിരിക്കുകയായിരുന്നു. അതിനിടെയാണ് മടക്കം. എന്നിരുന്നാലും ഓണ്‍ലൈനായി നടിയുടെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. നടിമാരെ ബ്രാന്‍ഡ് അംബാസിഡര്‍മാരാക്കി നിരവധി പരിപാടികള്‍ മൃദംഗ വിഷന്‍ നടത്താനിരുന്നുവെന്നാണ് സൂചന.