കൊച്ചി:വിദ്യാഭ്യാസക്കുറവ് എന്ന പേരിൽ തനിക്ക് നേരെ വരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് നടി ദിവ്യ ശ്രീധർ. ഐഎഫ്എഫ്കെ വേദിയിൽ വന്നതിനെ വിമർശിക്കാനും തെറി പറയാനും മാത്രം ചിലർ ശ്രമിച്ചുവെന്നും എന്ത് സുഖമാണ് ഇത്തരക്കാർക്ക് കിട്ടുന്നതെന്ന് തനിക്കറിയില്ലെന്നും ദിവ്യ ചൂണ്ടിക്കാട്ടി. ഇക്കാരണത്താൽ കൊറേ പേരെ താൻ ബ്ലോക്ക് ചെയ്തെന്നും അക്കൗണ്ടുകളിൽ നിന്ന് ഒഴിവാക്കിയെന്നും ദിവ്യ ശ്രീധർ മാധ്യമങ്ങളോട് പറഞ്ഞു.
വെറും പണം കണ്ടിട്ടാണ്, വിദ്യഭ്യാസമില്ല എന്നൊക്കെ എന്നെക്കുറിച്ച് പറയുന്ന കൊറേ കമന്റുകൾ ഞാൻ കണ്ടിരുന്നു. എന്ത് സുഖമാണ് ഇവർക്ക് കിട്ടുന്നത്. എന്റെ ഏട്ടന് പ്രശ്‌നം ഇല്ലെങ്കിൽ പിന്നെ നിങ്ങൾക്കൊക്കെ എന്തിന്റെ കേടാണ്? എന്റെ ഏട്ടൻ എന്നെ കല്യാണം കഴിച്ചത് എല്ലാം അറിഞ്ഞത് കൊണ്ടാണ്. പിന്നെ നിങ്ങൾക്കൊക്കെ എന്തിന്റെ സൂക്കേടാണ്? ദിവ്യ ചോദിച്ചു.
വിദ്യാഭ്യാസം കൊറേ ഉണ്ടായത് കൊണ്ട് എല്ലാമാവുമോ? എന്റെ ഏട്ടന് ഇങ്ങനെയുള്ള ഒരു പെണ്ണിനെ മതി. ഏട്ടനെ സ്‌നേഹിക്കുന്നൊരു പെണ്ണിനെ മാത്രം മതി. അതിന് എന്നേക്കൊണ്ട് പറ്റുന്നുണ്ട്. മക്കൾക്കും പറ്റുന്നുണ്ട്. അതിൽ ആർക്കും ഒരു സംശയങ്ങളോ ഒന്നും വേണ്ട. ഇനി ഇതും ചൊറിയാൻ കൊറേ ആൾക്കാരുണ്ടാവും. അവർ ചൊറിഞ്ഞോട്ടെ; ദിവ്യ പ്രതികരിച്ചു.
അതേസമയം, എട്ടന് ആദ്യമായി അവാർഡ് കിട്ടിയപ്പോൾ ഒപ്പമുണ്ടാവാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ദിവ്യ പറഞ്ഞു. കല്യാണം കഴിഞ്ഞ ശേഷം തന്നെ അവാർഡ് കിട്ടിയതിൽ നല്ല ഹാപ്പിയാണ്. ഒരുപാട് സന്തോഷമുണ്ട്. ഞാൻ ഇങ്ങനെ അവാർഡ് ഫങ്ക്ഷന് ഒന്നും ഇതുവരെ വന്നിട്ടില്ല. ആദ്യമായാണ് ഇത്തരമൊരു വേദിയിൽ വരുന്നത്; ദിവ്യ പറഞ്ഞു.
ഏട്ടന് ഈ അവാർഡ് കിട്ടുന്നത് നേരിട്ട് കാണാനുള്ള ഭാഗ്യമുണ്ടായി. കല്യാണം കഴിഞ്ഞതിന് ശേഷം കിട്ടിയത് കൊണ്ട് കൂടുതൽ ഹാപ്പിയാണ്. ഇനി കണ്ണൂരേക്ക് പോവണം. കുറച്ച് കറക്കവും പരിപാടിയും ഒക്കെയുണ്ട്. പുതിയ സീരിയൽ വരുന്നുണ്ട്, ആ വിശേഷം എന്തായാലും നിങ്ങളോട് പങ്കുവയ്ക്കാൻ വേണ്ടി ഇരുന്നതാണ്; നടി പറഞ്ഞു.
പുതിയ സീരിയലിൽ വില്ലൻ വേഷമാണ് കൈകാര്യം ചെയ്യുന്നത്. നായികയുടെ അമ്മയായിട്ടാണ് വേഷം ചെയ്യുന്നത്. എന്റെ പുതിയ സിനിമയും റിലീസ് ആവാൻ പോവുകയാണ്. ജനുവരി അല്ലെങ്കിൽ ഫെബ്രുവരിയിൽ ഈ സിനിമ റിലീസ് ആവും. അതിന്റെ ഒരു സന്തോഷം കൂടിയുണ്ടെന്ന് കൂട്ടിക്കോളൂ; ദിവ്യ മനസ് തുറന്നു.
നേരത്തെ ഒക്ടോബർ മാസത്തിലായിരുന്നു ദിവ്യയുടെയും നടൻ ക്രിസ് വേണുഗോപാലിന്റെയും വിവാഹം നടന്നത്. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ പരമ്പരാഗതമായ ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം നടന്നത്. എന്നാൽ ഇരുവർക്കും എതിരെ വിവാഹത്തിന് പിന്നാലെ പരിഹാസവും വിമർശനവും ഒക്കെ ഉയർന്നുവന്നിരുന്നു.