‘ജീവിതകാലം മുഴുവന്‍ ഒരു പ്രത്യേക ആളെ ശല്യം ചെയ്യാന്‍ വിവാഹം അനുവദിക്കുന്നു’; വിവാഹവാര്‍ഷിക ദിനത്തില്‍ കുസൃതി കുറിപ്പുമായി നടി ഭാവന
മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് നടി ഭാവന. വിവാഹശേഷം മലയാള സിനിമാ ലോകത്ത് നിന്ന് വിട്ടുനില്‍ക്കുകയാണ് ഭാവന. അതേസമയം, കന്നടയില്‍ താരം സജീവമായി നില്‍ക്കുന്നുണ്ട്. ‘ഭജ്രംഗി 2’ എന്ന ചിത്രമാണ് ഭാവന നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഇന്ന് നടിയുടെ വിവാഹവാര്‍ഷികമാണ്. ഭര്‍ത്താവ് നവീന് ആശംസകള്‍ അറിയിച്ചുള്ള ഭാവനയുടെ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.
നവീന് ഒപ്പമുള്ള ഫോട്ടോയും ഭാവന പങ്കുവെച്ചിട്ടുണ്ട്. കുസൃതി നിറഞ്ഞ ഒരു അടിക്കുറിപ്പാണ് ഭാവന വിവാഹ ആശംസകളായി കുറിച്ചിരിക്കുന്നത്. നിങ്ങളുടെ ജീവിതകാലം മുഴുവന്‍ ഒരു പ്രത്യേക ആളെ ശല്യം ചെയ്യാന്‍ വിവാഹം നിങ്ങളെ അനുവദിക്കുന്നുവെന്നാണ് ഭാവന ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്. എന്റേത് എന്നും ഫോട്ടോയ്ക്ക് ഭാവന കുറിച്ചു.
മിക്ക തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ച താരമാണ് ഭാവന. ‘ചിത്തിരം പേശുതടി’ എന്ന ചിത്രത്തിലൂടെ തമിഴിലും ‘ഒന്‍ടറി’യിലൂടെ തെലുങ്കിലും എത്തിയ ഭാവന എണ്‍പതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡും ഭാവനയ്ക്ക് ലഭിച്ചിട്ടുണ്ട്. ജയരാജ് സംവിധാനം ചെയ്ത് ചിത്രം ‘ദൈവനാമ’ത്തിലെ അഭിനയത്തിനായിരുന്നു അവാര്‍ഡ്. നടി ഭാവനയും കന്നഡ സിനിമാ നിര്‍മാതാവായ നവീനും തമ്മില്‍ 2018ലായിരുന്നു വിവാഹം.